കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സി പിന്‍മാറിയേക്കും

Update: 2018-05-08 07:42 GMT
Editor : Jaisy
കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സി പിന്‍മാറിയേക്കും
Advertising

ഇതിന് മുന്നോടിയായി കോഴിക്കോട്ടെ ഓഫീസിന്റെ പ്രവര്‍ത്തനം ഈ മാസം 28 അവസാനിപ്പിക്കാന്‍ തീരുമാനിച്ചു

കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സി പൂര്‍ണമായും പിന്‍മാറിയേക്കും. ഇതിന് മുന്നോടിയായി കോഴിക്കോട്ടെ ഓഫീസിന്റെ പ്രവര്‍ത്തനം ഈ മാസം 28 അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഓഫീസിലെ വസ്തുവകകള്‍ ലേലത്തില്‍ വില്‍ക്കാനുള്ള നടപടികള്‍ക്കും തുടങ്ങി. കോഴിക്കോട് ഓഫീസിലെ ജീവനക്കാരെ കോച്ചിയിലേക്ക് മാറ്റും.

Full View

ലൈറ്റ് മെട്രോ പദ്ധതിക്ക് അംഗീകാരം നല്‍കുന്നതടക്കമുള്ള നടപടികള്‍ അനന്തമായി നീളുന്ന സാഹചര്യത്തിലാണ് പദ്ധതിയില്‍ നിന്ന് പൂര്‍ണമായി പിന്‍മാറാനുള്ള ഡിഎംആര്‍സിയുടെ ആലോചന. ഇതിന്റെ ആദ്യ പടിയായാണ് കോഴിക്കോട് ഹൈലറ്റ് മാളിലെ ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഈ മാസം 28 ന് പ്രവര്‍ത്തനം നിര്‍ത്തുന്നതായി കാണിച്ച് മാള്‍ മാനേജ്മെന്റിന് ഡിഎംആര്‍സി നോട്ടീസ് നല്‍കി. ഒപ്പം ഓഫീസിലെ ഫര്‍ണിച്ചറും സാങ്കേതിക സംവിധാനങ്ങളും ലേലം ചെയ്ത് വില്‍ക്കാനും തീരുമാനമായി.മാര്‍ച്ച് 3 ന് പരസ്യം ലേലം നടത്തുന്നതായി കാണിച്ച് ഡിഎംആര്‍എസി നോട്ടീസും പുറത്തിറക്കി. പദ്ധതി വൈകുന്നതില്‍ പലതവണ ഇ ശ്രീധരന്‍ തന്നെ പരസ്യമായി അതൃപ്തി അറിയിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടായിരുന്നില്ല. ഒരു ഘട്ടത്തില്‍ ഒന്നര വര്‍ഷം വൈകിയിരിക്കുന്നതായി ഇ ശ്രീധരന്‍ പരസ്യ പ്രതികരണവും നടത്തിയിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് കോഴിക്കോട്ടെ ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് ഡിഎംആര്‍സിയിലെഉന്നത ഉദ്യോഗസ്ഥര്‍ മീഡിയവണിനോട് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്താന്‍ ആലോചിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് ഡിഎംആര്‍സി തുടരുകയായിരുന്നു. എന്നാല്‍ ഇനിയും ഒരു പ്രവര്‍ത്തനം നടക്കാത്ത പദ്ദതിയ്ക്കായി ഓഫീസ് നിലനിര്‍ത്തേണ്ടതില്ലെന്നാണ് ഡിആര്‍എംസി നിലപാട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News