മാണിയുടെ എല്‍ഡിഎഫ് പ്രവേശത്തെ തള്ളി കാനം; മൌനം പാലിച്ച് മാണി

Update: 2018-05-08 08:45 GMT
മാണിയുടെ എല്‍ഡിഎഫ് പ്രവേശത്തെ തള്ളി കാനം; മൌനം പാലിച്ച് മാണി
Advertising

എല്‍ഡിഎഫ് സുരക്ഷിതമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ സെല്‍ഫ് ഗോള്‍ അടിക്കരുതെന്ന് സിപിഎമ്മിന് കാനത്തിന്റെ മുന്നറിയിപ്പ്

എം മാണിയെ വേദിയിലിരുത്തി കേരള കോണ്‍ഗ്രസിന്റെ ഇടത് മുന്നണി പ്രവേശനത്തെ തള്ളി കാനം രാജേന്ദ്രന്‍. സിപിഎം സമ്മേളനത്തോട് അനുബന്ധിച്ചുള്ള സെമിനാറിലായിരുന്നു കാനം വിയോജിപ്പ് പരസ്യമാക്കിയത്. എല്‍ഡിഎഫ് സുരക്ഷിതമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ സെല്‍ഫ് ഗോള്‍ അടിക്കരുതെന്ന് കാനം സിപിഎമ്മിന് മുന്നറിയിപ്പ് നല്‍കി.

Full View


കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കണമെന്ന ധാരണയില്‍ സിപിഎം മുന്നോട്ട് പോകുന്നതിനിടയിലാണ് കാനം രാജേന്ദ്രനും കെ എം മാണിയും സിപിഎം ഒരുക്കിയ വേദിയില്‍ ഒരുമിച്ചെത്തിയത്. സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള സെമിനാറില്‍ സംസാരിച്ച കാനം കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ എടുക്കാനുള്ള നീക്കത്തെ പരസ്യമായി എതിര്‍ത്തു. എല്‍ഡിഎഫ് സുരക്ഷിതമായി മുന്നോട്ട് പോവുകയാണെന്നും സെല്‍ഫ് ഗോള്‍ അടിക്കരുതെന്നുമായിരുന്നു സിപിഎമ്മിനെ ഉദ്ദേശിച്ചുള്ള കാനത്തിന്റെ വിമര്‍ശനം. കെ എം മാണി ഉള്‍പ്പെട്ട യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും കാനം അക്കമിട്ട് നിരത്തി. ഇടത്പക്ഷ നിലപാട് ഉയര്‍ത്തുന്നത് കൊണ്ടാണ് സിപിഐ എല്‍ഡിഎഫില്‍ തുടരുന്നതെന്ന മുന്നറിയിപ്പും കാനം നല്‍കി.

സിപിഎം ഒരുക്കിയ വേദിയില്‍ കാനം രാജേന്ദ്രന്‍ ഉന്നയിച്ച ‌പരസ്യ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാതെ കെ എം മാണി. ഇടത് മുന്നണി പ്രവേശനം സംബന്ധിച്ച കാര്യങ്ങളിലും മാണി മൌനം പാലിച്ചു. സെമിനാറില്‍ പങ്കെടുത്ത ആര്‍ ബാലകൃഷ്ണപിള്ള മാണിയെ പരോക്ഷമായി തള്ളുകയും ചെയ്തു.

വേദിലിരുത്തി തന്നെ പരോക്ഷമായി വിമര്‍ശിച്ച കാനം രാജേന്ദ്രന് ഒരു മറുപടി പോലും നല്‍കാതെയാണ് കെ എം മാണി സംസാരിച്ചത്. കേരളം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് മാത്രമാണ് കെ എം മാണി പ്രസംഗത്തിലുടനീളം പറഞ്ഞത്. തൊഴിലാളി വര്‍ഗത്തോട് തനിക്കുള്ള ആഭിമുഖ്യം സിപിഎമ്മിന്റെ വേദിയിലെത്തി തുറന്ന് പറയുകയും ചെയ്തു. തൊട്ട് പിന്നാലെ സംസാരിച്ച ബാലകൃഷ്ണപിള്ള മാണിയുടെ മുന്നണി പ്രവേശനത്തെ എതിര്‍ക്കുന്ന സിപിഐക്ക് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു.

Full View

സെമിനാര്‍ ഉദ്ഘാടനം ചെയ്ത എസ് രാമചന്ദ്രപിള്ള മുന്നണി വിപുലീകരണം അനിവാര്യമാണെന്ന് പറഞ്ഞെങ്കിലും എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും പറഞ്ഞു.

Tags:    

Similar News