സ്വാശ്രയ കോളജുകളിലെ അമിത ഫീസിനെതിരായ സര്‍ക്കാരിന്റെ ഹരജി തള്ളി
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ മെഡിക്കല്‍ പ്രവേശത്തിനേര്‍പ്പെടുത്തിയ ഫീസ് ഘടനക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രിം കോടതി തള്ളി.
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളലിലെ ഉയര്‍ന്ന ഫീസിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കി ഹരജി സുപ്രീംകോടതി തള്ളി. വൈകിയ വേളയില്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് കാണിച്ചാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്. ഫീസ് സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കോടതിക്ക് എടുക്കാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
കരുണ മെഡിക്കല്‍ കോളജ് 7.5 ലക്ഷം രൂപയും കണ്ണൂര്‍ മെഡിക്കല്‍ കോളജ് 10 ലക്ഷം രൂപയുമായാണ് ഫീസ് നിശ്ചയിച്ചിരുന്നത്. ഇത് അംഗീകരിക്കാതെ 4.5 ലക്ഷം രൂപയാണ് ജെയിംസ് കമ്മിറ്റി ഫീസായി നിശ്ചയിച്ചത്. ഇതിനെതിരെ മാനേജുമെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. ഈ വിധിക്കെതിരേയാണ് സംസ്ഥാന സര്‍ക്കര്‍ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും ഹരജി അടിയന്തരമായി പരിഗണിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നില്ല. അതിനിടെ മാനേജുമെന്റുകളുടെ ഫീസ് ശരിവച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത് വിവാദമായി. ഇതിനെ തുടര്‍ന്ന് അപ്പീല്‍ ഇന്ന് അടിയന്തരമായി പരിഗണിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍നീക്കം നടത്തിയത്.
ഇന്ന് ഹരജി പരിഗണിച്ച സുപ്രീംകോടതി പക്ഷെ കൂടുതല്‍ വാദം കേള്‍ക്കാതെ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളി. പ്രവേശന കൌണ്‍സിലിങ് പൂര്‍ത്തിയാക്കേണ്ട അവസാന ദിവസം ഇന്നാണെന്നും രണ്ട് കോളജുകളിലേയും പ്രവേശനടപടികള്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിച്ചെന്നും മാനേജുമെന്റുകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം അംഗീകരിച്ചാണ് വൈകിയ വേളയില്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.