വെടിക്കെട്ട് നിരോധിക്കേണ്ട, നിയന്ത്രണം മതിയെന്ന് സര്‍വകക്ഷിയോഗം
നിരോധനം വേണ്ട നിയന്ത്രണം മതി എന്ന അഭിപ്രായമാണ് സര്‍വകക്ഷിയോഗത്തില്‍ ഉയര്‍ന്നത്.
സംസ്ഥാനത്ത് വെടിക്കെട്ട് നിരോധം വേണ്ടെന്ന് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. മത്സരവെടിക്കെട്ട് നടത്താന്‍ അനുവദിക്കില്ല. എന്നാല്‍ ഫലപ്രദമായ നിയന്ത്രണത്തോടെ വെടിക്കെട്ടാകാമെന്ന് സര്‍വകക്ഷിയോഗത്തില്‍ ധാരണയായി. പരവൂര്‍ ദുരന്തത്തിലെ അന്വേഷണം കോടതി നിരീക്ഷണത്തിലാകാമെന്നും സര്‍ക്കാര്‍ നിലപാടറിയിച്ചു.
നിയന്ത്രണങ്ങള്‍ക്കായി പുതിയ നിയമം കൊണ്ടുവരില്ല. നിലവിലെ നിയമങ്ങള്‍ നടപ്പാക്കുകയാണ് ചെയ്യുക. പരവൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്നും കൊല്ലം കമ്മീഷണറെ സസ്പെന്‍ഡ് ചെയ്യണമെന്നുമുള്ള പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. അതേസമയം നിലവിലെ അന്വേഷണത്തില്‍ കോടതി നിരീക്ഷണം ആകാമെന്ന് ഹൈകോടതിയെ അറിയിക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു.
ശബരിമലയിലെ വെടിവഴിപാടിനുള്ള ലൈസന്‍സ് പുതുക്കും. പരവൂര്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതു ഫണ്ട് രൂപീകരിക്കാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു.