ഇറച്ചിക്കോഴി വിപണിയില്‍ ശക്തമായി ഇടപെടാന്‍ സര്‍ക്കാര്‍
സംസ്ഥാനത്തെ ഇറച്ചിക്കോഴി വിപണിയെ നിയന്ത്രിക്കുന്നത് തമിഴ്‌നാട്ടിലെ മൊത്തവ്യാപാരികളാണ്. കോഴികുഞ്ഞിന് അവര്‍ നിശ്ചയിക്കുന്ന വില കേരളത്തിന്റെ ഇറച്ചിക്കോഴി വിപണിയുടെ അടിസ്ഥാനമാകുന്നു. ഇത് മറികടക്കാനാണ് സര്‍ക്കാര്‍ നടപടി...
ഇറച്ചി കോഴി വിപണയില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഒരു കോടി കോഴികുഞ്ഞുങ്ങളെ വളര്‍ത്തി കുറഞ്ഞവിലക്ക് വില്‍പന നടത്താന്‍ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ നടപടി തുടങ്ങും. കെപ്‌കോ, മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യ എന്നിവ വഴിയായിരിക്കും പ്രവര്‍ത്തനം. കോഴി വിപണിയിലെ തമിഴ്‌നാട് ലോബിയെ തള്ളലാണ് ലക്ഷ്യം.
സംസ്ഥാനത്തെ ഇറച്ചിക്കോഴി വിപണിയെ നിയന്ത്രിക്കുന്നത് തമിഴ്‌നാട്ടിലെ മൊത്തവ്യാപാരികളാണ്. ഇറച്ചികോഴിക്കുള്ള കുഞ്ഞുങ്ങളെ നല്‍കുന്നത് അവരാണ്. കോഴികുഞ്ഞിന് അവര്‍ നിശ്ചയിക്കുന്ന വില കേരളത്തിന്റെ ഇറച്ചിക്കോഴി വിപണിയുടെ അടിസ്ഥാനമാകുന്നു. ഇത് മറികടക്കാനാണ് സര്‍ക്കാര്‍ നടപടി. മൃഗസംരക്ഷണ വകുപ്പിന്റെയും കെപ്‌കോയുടെയും കീഴിലുള്ള ഹാച്ചറികളില്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടിയിലേക്ക് കടക്കാന്‍ കഴിഞ്ഞ ദിവസം ധനമന്ത്രിയുടെയും മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
കുടപ്പനക്കുന്നിലെ കെപ്‌കോ ഹാച്ചറിയില്‍ ഉള്‍പ്പെടെ ആകെ സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നത് 15000ത്തോളം കോഴികുഞ്ഞുങ്ങള്‍ മാത്രമാണ്. ഇത് ഒരു കോടിയിലേക്ക് വര്‍ധിപ്പിക്കുന്നതിലൂടെ കേരളത്തിലെ വിപണിയിലേക്ക് വലിയതോതില്‍ ഇടപെടാന്‍ കഴിയും. കോഴികുഞ്ഞുങ്ങള്‍ക്ക് കര്‍ഷകര്‍ക്കും കുടുംബശ്രീ യൂനിറ്റുകള്‍ക്കും സബ്‌സിഡി നല്‍കി വില്‍ക്കാനാണ് ആലോചിക്കുന്നത്. കെപ്‌കോ, മീറ്റ് പ്രൊഡക്ടസ് ഓഫ് ഇന്ത്യ എന്നിവയുടെ ഔട്ട്‌ലെറ്റ് വഴിയും വില്‍പന വര്‍ധിപ്പിക്കും. ഒരാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എം ഡിയെ ചുമതലപ്പെടുത്തി. പദ്ധതി ഒരു മാസത്തിനകം ആരംഭിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.