പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിന്റെ നട തുറന്നു
വെടിക്കെട്ട് ദുരന്തമുണ്ടായ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിന്റെ നടതുറന്നു
വെടിക്കെട്ട് ദുരന്തമുണ്ടായ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിന്റെ നടതുറന്നു. ക്ഷേത്രം തന്ത്രി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലായിരുന്നു നടതുറക്കല്‍. നടതുറക്കലിന് സാക്ഷിയാവാന്‍ വിശ്വാസികളും നാട്ടുകാരുമായി നൂറുകണക്കിന് ആളുകള്‍ ക്ഷേത്രപരിസരത്തെത്തി.
ഉത്സവം കഴിഞ്ഞാല്‍ 7 ദിവസത്തിന് ശേഷമേ നടതുറക്കാവൂ എന്നാണ് പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ആചാരം. ആചാര പ്രകാരമെങ്കിലും ഇത്തവണ നടതുറന്നത് മഹാദുരന്തത്തിന്റെ ആഘാതങ്ങള്‍ മായും മുന്‍പേയായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പുലര്‍ച്ചെ നാലരയോടെ ക്ഷേത്രം തന്ത്രി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നടതുറന്നു.
വിശ്വാസികളും നാട്ടുകാരും അടക്കം 100 കണക്കിന് ആളുകളാണ് നടതുറക്കലിന് സാക്ഷിയാകാനെത്തിയത്. ശുദ്ധികലശത്തിന് ശേഷമാണ് നടതുറക്കുന്നതെന്നും നിത്യപൂജകള്‍ മാത്രമേ തത്കാലം ഉണ്ടാകൂ എന്നും തന്ത്രി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചേ 3.10 നാണ് 108 പേരുടെ ജീവനെടുത്ത പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം ഉണ്ടായത്. നടതുറക്കലിന് മുന്നോടിയായി നഗരസഭാ അധികൃതര്‍ ക്ഷേത്രപരിസരം പൂര്‍വസ്ഥിതിയിലേക്ക് എത്തിച്ചിരുന്നു.