ഹാദിയയെ തുറന്ന കോടതിയില്‍ കേള്‍ക്കരുതെന്ന് പിതാവിന്‍റെ ഹരജി

Update: 2018-05-09 04:29 GMT
Editor : Sithara
ഹാദിയയെ തുറന്ന കോടതിയില്‍ കേള്‍ക്കരുതെന്ന് പിതാവിന്‍റെ ഹരജി
Advertising

ഹാദിയയുടെ വാദം അടച്ചിട്ട കോടതിയില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ അശോകന്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി.

ഹാദിയയെ അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന ആവശ്യവുമായി അച്ഛന്‍ അശോകന്‍ സുപ്രീം കോടതിയില്‍. സത്യസരണിയിലെ സൈനബയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യണമെന്നും അശോകന്‍ സമര്‍പ്പിച്ച പുതിയ ഹരജിയില്‍ ആവശ്യപ്പെടുന്നു. അതിനിടെ ഹാദിയ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് എസ്ഐഒ നല്‍കിയ പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ എറണാകുളം എസ്പിയോട് വിശദീകരണം ആവശ്യപ്പെട്ടു.

Full View

ഹാദിയയെ കോടതിയില്‍ നേരിട്ട് ഹാജരാക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് പുതിയ ഹരജിയുമായി അച്ഛന്‍ അശോകന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹാദിയ ഹാജരാകുമ്പോള്‍ തുറന്ന കോടതിക്ക് പകരം അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്നതാണ് ഹരജിയിലെ മുഖ്യ ആവശ്യം. നേരത്തെ വാദത്തിനിടെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി നിരസിച്ചിരുന്നു.

ഹാദിയയെ മതപരിവര്‍ത്തനത്തിന് സഹായിച്ച സത്യസരണിയിലെ സൈനബയെ കോടതിയില്‍ വിളിച്ച് വരുത്തി മൊഴിയെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെന്നും ഇതിന് അനുമതി നല്‍കണമെന്ന ആവശ്യവും ഹരജിയില്‍ ഉന്നയിക്കുന്നുണ്ട്.

അതിനിടെ ഹാദിയ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാവുകയാണെന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് എസ്ഐഒ നല്‍കിയ പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസയച്ചു. വിഷയവുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികളില്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം റൂറല്‍ എസ്പിയോട് കമ്മീഷന്‍ നിര്‍ദേശിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News