ഓഖി ദുരന്തത്തില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
കണ്ണൂര്‍ ഏഴിമല ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്
ഓഖി ദുരന്തത്തില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കണ്ണൂര്‍ ഏഴിമല ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിനും ഡി.എന്‍.എ പരിശോധനക്കുമായി മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കാണാതായവര്‍ക്ക് വേണ്ടി സംസ്ഥാനത്തിന്റെ് വിവിധ ഭാഗങ്ങളില്‍ നടത്തുന്ന തെരച്ചില്‍ തുടരുകയാണ്.
ബേപ്പൂരില്‍ നിന്നുളള തെരച്ചില്‍ സംഘമാണ് ഇന്ന് രാവിലെ ഏഴിമല ഭാഗത്ത് നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.തീരത്ത് നിന്നും 20 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തത്. അഴീക്കലില്‍ നിന്നുളള മറൈന്‍ എന്‍ഫോഴ്സമെന്റും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് മൃതദേഹങ്ങള്‍ കരക്കെത്തിച്ചു.തുടര്‍ന്ന് പോസ്റ്റ് മോര്‍ച്ചത്തിനും ഡി.എന്‍.എ പരിശോധനക്കുമായി മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം അഴീക്കലില്‍ നിന്നും കണ്ടെത്തിയ മൃതദേഹം മറ്റ് നടപടികള്‍ പൂര്‍ത്തി യാക്കിയ ശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ ലക്ഷദ്വീപ് മേഖലയില്‍ നിന്നും കണ്ടെത്തിയ 34 മത്സ്യത്തൊഴിലാളികളെ ഇന്ന ഉച്ചക്ക് ശേഷം കൊച്ചിയിലെത്തിക്കും. തമിഴ്നാട് തൂത്തൂര്‍ സ്വദേശികളായ ഇവരെ സംസ്ഥാന സര്‍ക്കാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കണ്ടെത്തിയത്.കടലില്‍ കാണാതായവര്‍ക്കു വേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന തെരച്ചില്‍ ഈ മാസം 30വരെ തുടരും.