ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി
ഡീസല്‍ വില വര്‍ധന മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടേണ്ടിവരുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡീസല്‍ വില കൂടുന്ന സാചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ട നടപടികളിലേക്ക് പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ രാഷ്ട്രീയ ലക്ഷ്യം വെച്ച് ചിലര്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡീസല്‍ വിലവര്‍ധന കൂടിയ സാഹചര്യത്തില്‍ കെഎസ് ആര്‍ടിസിക്ക് മാത്രമല്ല മോട്ടോര്‍വാഹന മേഖലയെ മൊത്തം ബാധിച്ചു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പരിഗണിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളില്‍ നടന്ന രാഷ്ട്രീയ അക്രമങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായ ശ്രമമുണ്ട്. രാഷ്ട്രീയ നേട്ടമാണ് അവരുടെ ലക്ഷ്യമെന്ന് പ്രതിപക്ഷനേതാവിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി നല്‍കി. കാസര്‍കോട് തുടര്‍ച്ചയായി മൂന്ന് വീട്ടമ്മമാര്‍ കൊല്ലപ്പെട്ട സംഭവം അടക്കം സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. ക്രമസമാധാനം തകര്‍ന്നിട്ടില്ല. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.