ജൂണ്‍ അഞ്ച് ശുചീകരണ ദിനമായി ആചരിക്കും
മഴക്കാല പൂര്‍വ്വ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാന വ്യാപകമായി ശുചീകരണ ദിനം ആചരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മഴക്കാല പൂര്‍വ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പകര്‍ച്ച വ്യാധി തടയാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ലഭ്യത ഉറപ്പുവരുത്തും. പ്രകൃതി ദുരന്തങ്ങളില്‍ പെടുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
ഈ വര്‍ഷം മൂന്നിരട്ടിയിലധികം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനനുസരിച്ച് പകര്‍ച്ച വ്യാധിയും കൂടിയേക്കും. മഴക്കാലക്കെടുതി നേരിടാന്‍ സാധാരണയായി ഏപ്രിലില്‍ തന്നെ മുന്നൊരുക്കം നടത്താറുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്നത്.
മഴക്കാലം മുന്നില്‍ കണ്ട് അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളും യോഗത്തില്‍ തീരുമാനിച്ചു. കൊതുകു നിവാരണം ഉള്‍പ്പെടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും. ഇക്കാര്യം ഉറപ്പുവരുത്താന്‍ മെയ് 31ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ വിവിധ വകുപ്പുദ്യോഗസ്ഥരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെയും സാന്നിധ്യത്തില്‍ യോഗം ചേരും. ആശുപത്രികളില്‍ വേണ്ട അവശ്യ മരുന്നുകളുടെ ലഭ്യത ദ്രുതകാല അടിസ്ഥാനത്തില്‍ ഉറപ്പുവരുത്തും. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്റ്റാഫുകളുടെ ക്രമീകരണം പൂര്‍ത്തിയാക്കും. പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ നാശനഷ്ടങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം ലഭ്യമാക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേരത്തെ തന്നെ തയ്യാറാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് നിര്‍ദേശിക്കും.
മന്ത്രിമാരായ തോമസ് ഐസക്, ഇ ചന്ദ്രശേഖരന്‍, കെ കെ ഷൈലജ, കെ ടി ജലീല്‍, മാത്യു ടി തോമസ്, വി എസ് സുനില്‍കുമാര്‍ എന്നിവരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിലുണ്ടായിരുന്നു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലായോ എന്ന് നിരീക്ഷിക്കാന്‍ സോഷ്യല്‍ ഓഡിറ്റിങ് നടത്താനും യോഗത്തില്‍ തീരുമാനിച്ചു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉന്നതതല യോഗമാണ് ഇന്ന് നടന്നത്.