ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം: ഗതാഗത മന്ത്രി മോട്ടോര്‍ വാഹന ഉടമകളുമായി ചര്‍ച്ച നടത്തി
വിധി നടപ്പാക്കുമ്പോഴുള്ള പ്രായോഗിക പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നറിയിച്ച മന്ത്രി സര്‍ക്കാര്‍ അപ്പീലില്‍ തീരുമാനമാകും വരെ ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന നിലപാടുകള്‍ സ്വീകരിക്കരുതെന്ന് മോട്ടോര്‍ വാഹന ഉടമകളോട് ആവശ്യപ്പെട്ടു.
ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണല്‍ വിധിയുടെ പശ്ചാത്തലത്തില്‍ ഗതാഗത മന്ത്രി മോട്ടോര്‍ വാഹന ഉടമകളുമായി ചര്‍ച്ച നടത്തി. വിധി നടപ്പാക്കുമ്പോഴുള്ള പ്രായോഗിക പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നറിയിച്ച മന്ത്രി സര്‍ക്കാര്‍ അപ്പീലില്‍ തീരുമാനമാകും വരെ ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന നിലപാടുകള്‍ സ്വീകരിക്കരുതെന്ന് മോട്ടോര്‍ വാഹന ഉടമകളോട് ആവശ്യപ്പെട്ടു.
10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതും 2000 സിസിക്ക് മുകളിലുള്ളതുമായ ഡീസല്‍ വാഹനങ്ങള്‍ക്ക് ആറ് നഗരങ്ങളിലേര്‍പ്പെടുത്തിയ നിരോധം ഈ മാസം 23ന് നിലവില്‍ വരാനിരിക്കെയാണ് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ സംസ്ഥാനത്തെ വാഹന ഉടമകളുമായി ചര്‍ച്ച നടത്തിയത്. മലിനീകരണം കുറക്കുകയെന്ന ട്രൈബ്യൂണലിന്റെ ഉദ്ദേശ്യത്തെ മാനിക്കുമ്പോള്‍ തന്നെ, വിധി നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്കും വാഹന ഉടമകള്‍ക്കുമുണ്ടാകുന്ന പ്രയാസങ്ങളെ കണക്കിലെടുക്കുന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു.
സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കുന്ന അപ്പീലില്‍ അനുകൂല വിധിയുണ്ടായില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കും. എന്നാല്‍ ജനദ്രോഹകരമായ നിലപാട് വാഹനഉടമകളില്‍ നിന്നുണ്ടാകരുതെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ നടപടികളില്‍ തൃപ്തി രേഖപ്പെടുത്തിയ സംഘടന ഭാരവാഹികള്‍ സമരത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമാണ് അറിയിച്ചത്.
മിക്ക സംഘടനകളും സമരത്തിന്റെ കാര്യത്തില്‍ തീരുമാനം പിന്നീടെന്ന് അറിയിച്ചപ്പോള്‍ പതിനഞ്ചാം തീയതിയിലെ സൂചന പണിമുടക്കുമായി മുന്നോട്ടുപോകുമെന്നാണ് കേരള ബസ് ഓപറേറ്റേര്‍സ് ഓര്‍ഗനൈസേഷന്‍ നിലപാട്.