റിലയന്‍സ് കമ്യൂണിക്കേഷന്‍ ഡീലര്‍മാര്‍ സമരം പ്രഖ്യാപിച്ചു

Update: 2018-05-11 11:58 GMT
Editor : Subin
റിലയന്‍സ് കമ്യൂണിക്കേഷന്‍ ഡീലര്‍മാര്‍ സമരം പ്രഖ്യാപിച്ചു
Advertising

ഗ്രൂപ്പിന് നല്‍കിയ ഡെപ്പോസിറ്റ് തിരികെ കിട്ടുമോയെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ നൂറോളം വിതരണക്കാര്‍. മാത്രമല്ല അവസാന ആറു മാസമായി ഇവര്‍ക്കുള്ള കമ്മീഷനുകളും കമ്പനി നല്‍കിയിട്ടില്ല.

അനില്‍ അംബാനി ഗ്രൂപ്പിന് കീഴിലെ റിലയന്‍സ് കമ്യൂണിക്കേഷന്റെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് സേവനം മുന്നൊരുക്കമില്ലാതെ നിര്‍ത്തലാക്കിയതിനെതിരെ ഡീലര്‍മാര്‍ സമരം പ്രഖ്യാപിച്ചു. ഡീലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും ആവശ്യമായ മുന്‍കരുതലെടുക്കാന്‍ അവസരം നല്‍കിയില്ലെന്നാണ് ആക്ഷേപം. പല വിതരണക്കാര്‍ക്കും വന്‍തുക ബാധ്യതയായിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ കമ്പനി വിശദീകരണം നല്‍കണമെന്നുമാണ് ആവശ്യം.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് മുന്നൊരുക്കമൊന്നുമില്ലാതെ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക് പിന്‍വലിച്ചത്. ഇതോടെ ഉപഭോക്താക്കളോടൊപ്പം വിതരണക്കാരും ഇടനിലക്കാരും വെട്ടിലായിരുക്കുകയാണ്. ഗ്രൂപ്പിന് നല്‍കിയ ഡെപ്പോസിറ്റ് തിരികെ കിട്ടുമോയെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ നൂറോളം വിതരണക്കാര്‍. മാത്രമല്ല അവസാന ആറു മാസമായി ഇവര്‍ക്കുള്ള കമ്മീഷനുകളും കമ്പനി നല്‍കിയിട്ടില്ല. സംസ്ഥാനത്തെമ്പാടുമുള്ള വിതരണക്കാര്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്.

കൂടാതെ വിറ്റഴിക്കാനായി നല്‍കിയ റീചാര്‍ജ് കൂപ്പണ്‍, ഇന്റര്‍നെറ്റ് മോഡം, സിം കാര്‍ഡുകള്‍ എന്നിവ തിരിച്ചെടുക്കുന്നതിനും നടപടിയായിട്ടില്ല. കേരളത്തില്‍ പത്ത് ലക്ഷത്തോളം ഉപഭോക്താക്കളുണ്ടെന്നാണ് വിതരണക്കാര്‍ പറയുന്നത്. 150ഓളം വിതരണക്കാരുമുണ്ട്. വിതരണക്കാരും ഉപഭോക്താക്കളും നേരിടുന്ന പ്രതിസന്ധിക്ക് കമ്പനി പരിഹാരം കാണമെന്നാണ് ആവശ്യമുയരുന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News