'ഈ പരാജയം എന്റെ അവസാനം കൂടിയാണ്'; നിസഹായനായ ഒരു വില്ലേജ് ഓഫീസറുടെ ഫേസ്‍ബുക്ക് കുറിപ്പ്

Update: 2018-05-11 01:56 GMT
Editor : admin
'ഈ പരാജയം എന്റെ അവസാനം കൂടിയാണ്'; നിസഹായനായ ഒരു വില്ലേജ് ഓഫീസറുടെ ഫേസ്‍ബുക്ക് കുറിപ്പ്
Advertising

പാസില്ലാതെ കടത്തിയ മണല്‍ ലോറി വില്ലേജ് ഓഫീസ് ഉപരോധിച്ച് കടന്നുകളഞ്ഞ അക്രമി സംഘത്തിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്ന് മയ്യില്‍ കയരളം വില്ലേജ് ഓഫീസര്‍ അരുണ്‍.

പാസില്ലാതെ കടത്തിയ മണല്‍ ലോറി വില്ലേജ് ഓഫീസ് ഉപരോധിച്ച് കടന്നുകളഞ്ഞ അക്രമി സംഘത്തിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്ന് മയ്യില്‍ കയരളം വില്ലേജ് ഓഫീസര്‍ അരുണ്‍. കഴിഞ്ഞ ദിവസമാണ് സംഭവം. അനധികൃതമായി കടത്തുകയായിരുന്ന മണല്‍ലോറി കസ്റ്റഡിയിലെടുത്ത് മഹസ്സര്‍ തയ്യാറാക്കുന്നതിനിടയിലാണ് നാല്‍പ്പതോളം വരുന്ന സംഘം സ്ഥലത്തെത്തി വില്ലേജ് ഓഫീസറെ മൂന്നരമണിക്കൂറോളം ബന്ദിയാക്കി പിടികൂടിയ ലോറി മോചിപ്പിച്ചുകൊണ്ടുപോയത്. സത്യസന്ധമായി ജോലി ചെയ്തതിനുള്ള പ്രതിഫലമാണ് തനിക്ക് നേരിടേണ്ടി വന്നിരിക്കുന്ന ദുരനുഭവമെന്ന് അരുണ്‍ ഫേസ്‍ബുക്ക് പോസ്റ്റില്‍ പറയുന്നു. മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടപ്പോള്‍ തനിക്ക് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്നായിരുന്നു മറുചോദ്യം. താന്‍ നിരന്തര പ്രശ്നക്കാരനാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തതായി അരുണ്‍ പറയുന്നു.

അരുണിന്റെ FB Post

ഒരു ഉത്തരേന്ത്യന്‍ സംസ്ഥാനത്തല്ല..ഈ കൊച്ചു കേരളത്തിലെ എന്റെ സ്വന്തം ഓഫീസിലാണ് ഞാന്‍ മൂന്നു മണിക്കൂര്‍ ബന്ദിയാക്കപ്പെട്ടത്. അനധികൃതമായി മണല്‍ കടത്തിയ വാഹനം പിടികൂടിയതാണ് കുറ്റം.. ബലാല്‍ക്കാരമായി അക്രമകാരികള്‍ ഓഫീസില്‍ നിന്നും ഞാന്‍ പിടികൂടിയ രണ്ട് വാഹനങ്ങളുടെ താക്കോല്‍ മേശ വലിപ്പില്‍ നിന്നും പിടിച്ചെടുത്ത് രണ്ട് വണ്ടികളും മോചിപ്പിച്ചു.നാല്‍പ്പതോളം ആളുകള്‍...മൂന്നര മണിക്കൂര്‍ തടഞ്ഞു വെച്ചുള്ള അസഭ്യം പറച്ചിലും വധ ഭീഷണിയും...എനിക്ക് എന്നോട് ആത്മനിന്ദ തോന്നിയ രണ്ട് ദിവസങ്ങള്‍.'തനിക്ക് ഇതിന്റെ ആവശ്യമുണ്ടോ?' എന്ന് ഒരു മേലുദ്യോഗസ്തനും ചോദിച്ചു.കൂട്ടത്തില്‍ അദ്ദേഹം ഒരുകാര്യം കൂടി പറഞ്ഞു..'താന്‍ ഒരു നിരന്തര പ്രശ്‌നക്കാരനാണ്'.

ഒരു സര്‍ക്കാര്‍ ജീവനക്കാരനെ വിജിലന്‍സ് പിടിക്കുമ്പോള്‍ പൊതുജനം കയ്യടിച്ചു പ്രോത്സാഹിപ്പിക്കും.പക്ഷെ ഒന്നോര്‍ക്കണം പ്രലോഭനങ്ങള്‍ക്ക് വഴിപ്പെടാത്തവനെ അവര്‍ ഭീഷണികൊണ്ട് കീഴടക്കും.ആരൊക്കെയോ വന്നാല്‍ എല്ലാം ശരിയാകും എന്ന് പറഞ്ഞവരാരും എന്നെ സഹായിച്ചില്ല. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അക്രമകാരികള്‍ക്കെതിരായി നല്‍കിയ പരാതി നാളെ പിന്‍വലിക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. ഏറ്റവും ആത്മനിന്ദയോടെ എനിക്കത് ചെയ്യേണ്ടി വന്നേക്കും.സ്ഥലം മാറ്റത്തിനുള്ള അപേക്ഷയും കൊടുത്തു.ഇനി ഇവിടെ ജോലി ചെയ്യുന്നതില്‍ എന്തര്‍ത്ഥം?.ഈ പരാജയം എന്റെ അവസാനംകൂടിയാണ്..അനധികൃത മണല്‍ കടത്ത് തടഞ്ഞ നട്ടെല്ലുള്ള ഒരുവന്റെ കാല് വെട്ടിയ മണല്‍ മാഫിയയുമായിട്ടാണ് ഞാന്‍ ഏറ്റുമുട്ടിയതും തോറ്റതും.എന്തെങ്കിലുമൊക്കെ ചെയ്യുവാന്‍ കഴിയും എന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു. നട്ടെല്ലുള്ള ഒരുവന്‍ എന്റെ ഒപ്പം ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴും ഞാന്‍ പറയുന്നു ..ഇനിയും ഞാന്‍ തുടരുമായിരുന്നു...ഇത്രയും ഞാന്‍ കുത്തിക്കുറിച്ചത് ഗതികേടുകൊണ്ടാണ്.എന്റെ ചെയ്തികളില്‍ ഒരു ശരിമയുണ്ടായിരുന്നു.അത് ദാരുണമായി കൊല്ലപ്പെട്ടു...ഒപ്പം ജീവിച്ചിരിക്കുന്ന ഈ ഞാനും. പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. എങ്കിലും ഖേദമില്ല... എനിക്ക് പ്രതീക്ഷയുണ്ട്.ഈ കണ്ണൂരില്‍ നിന്നും തിരുവനന്തപുരം ചെന്നിട്ടാനെങ്കിലും ആദരണീയനായ റവന്യൂ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് വിഷയം ബോധിപ്പിക്കും..ഒരു വില്ലേജ് ഒഫീസറായിട്ടല്ല...കാലറ്റു പോയ ആ ഒരുവന്റെ ആവേശത്തോടെ തന്നെ. എനിക്കുണ്ടായ അപമാനം എന്റെ നീതി ബോധത്തിന്റെ അവസാനമല്ല... എനിക്കുറപ്പാണ് എന്നെ സഹായിക്കുവാന്‍ ആരെങ്കിലും ഉണ്ടാവും.. ഇത്രയും എഴുതിയതിന്റെ കാരണം....ജിഷയെപ്പോലെ അജ്ഞാതനായ ഒരുവനാല്‍ കൊല്ലപ്പെടുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എനിക്കതില്‍ ഭയവുമില്ല. നിശ്ചയമായും മയ്യില്‍ പോലീസ്സ്‌റ്റേഷനില്‍ കയരളം വില്ലേജ് ഒഫീസ്സര്‍ എന്ന നിലയില്‍ ഞാന്‍ ഫയല്‍ ചെയ്ത പെറ്റീഷനില്‍ അവരുടെ പേരു വിവരങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്...

ഒരു ഉത്തരേന്ത്യന്‍ സംസ്ഥാനത്തിളല്ല..ഈ കൊച്ചു കേരളത്തിലെ എന്‍റെ സ്വന്തം ഓഫീസിലാണ് ഞാന്‍ മൂന്നു മണിക്കൂര്‍ ബന്ദിയാക്കപ്പെട...

Posted by Arun Arsha on Friday, June 17, 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News