ഗള്‍ഫില്‍ നിന്നും മടങ്ങുന്നവര്‍ക്ക് ആശ്വാസമേകി ന്യൂനപക്ഷ ധനകാര്യവികസന കോര്‍പ്പറേഷന്റെ വായ്പാപദ്ധതി
സ്വയം തൊഴില്‍ ചെയ്യാന്‍ മൂന്നു ശതമാനം പലിശക്ക് പത്ത് ലക്ഷം രൂപവരെയാണ് വായ്പ നല്‍കുന്നത്
സ്വദേശിവല്‍ക്കരണം മൂലം ഗള്‍ഫില്‍ നിന്നും മടങ്ങുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണ് ന്യൂനപക്ഷ ധനകാര്യവികസന കോര്‍പ്പറേഷന്റെ വായ്പാ പദ്ധതി. സ്വയം തൊഴില്‍ ചെയ്യാന്‍ മൂന്നു ശതമാനം പലിശക്ക് പത്ത് ലക്ഷം രൂപവരെയാണ് വായ്പ നല്‍കുന്നത്. ഈ വായ്പാ പദ്ധതിക്ക് പക്ഷേ അപേക്ഷകര്‍ വളരെ കുറവാണ്.
നിതാഖാതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ പ്രവാസികളെ സഹായിക്കാന്‍ 2014 ലാണ് സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വായ്പാ പദ്ധതി ആരംഭിച്ചത്. കേവലം മൂന്ന് ശതമാനം പലിശയ്ക്ക് പത്ത് ലക്ഷം രൂപ വരെയാണ് വായ്പ നല്‍കുന്നത്. പദ്ധതി ആരംഭിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കേവലം 44 പേരാണ് വായ്പ എടുത്തിട്ടുള്ളത്.
വായ്പാ പദ്ധതിക്ക് പ്രവാസികള്‍ക്കിടയില്‍ വേണ്ടത്ര പ്രചരണം ലഭിക്കാത്തതാണ് ഇതിന് കാരണം. സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് സൌദിയില്‍ നിന്നും കൂടുതല്‍ പേര്‍ മടങ്ങുന്ന സാഹചര്യത്തില്‍ പ്രവാസി വായ്പാ പദ്ധതി കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ന്യൂനപക്ഷ ധനകാര്യവികസന കോര്‍പ്പറേഷന്‍.