സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തില്‍ മാനേജുമെന്‍റുകള്‍ക്കിടയില്‍ ഭിന്നത
ഫീസ് വിഷയത്തില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്കും മറ്റുളളവര്‍ക്കും രണ്ട് നീതിയെന്ന് ഒരു വിഭാഗം
സ്വാശ്രയ മെഡിക്കല്‍ പ്രവേശവുമായി ബന്ധപ്പെട്ട് മാനേജ്മെന്റുകള്‍ക്കിടയില്‍ ഭിന്നത. ഫീസിന്റെ കാര്യത്തില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്കും മറ്റുളളവര്‍ക്കും രണ്ട് നീതി പാടില്ലെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്. അതേസമയം സര്‍ക്കാരുമായി ഒത്തുപോകണമെന്ന നിലപാടിലാണ് മറുവിഭാഗം. മാനേജ്മെന്റുകള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായതോടെ ഇന്ന് നടക്കാനിരിക്കുന്ന ചര്‍ച്ച മാറ്റിവെക്കണമെന്നും ഒരു വിഭാഗം ആവശ്യമുന്നയിച്ചിട്ടുണ്ട്.
30 ശതമാനം മെറിറ്റ്സീറ്റിലെ ഫീസ് സംബന്ധിച്ച് തുടരുന്ന തര്‍ക്കമാണ് മാനേജ്മെന്റുകള്‍ക്കിടയിലും ഭിന്നത രൂക്ഷമാക്കിയിരിക്കുന്നത്. 4.4 ലക്ഷമാണ് ക്രിസ്ത്യന്‍ മാനേജ്മെന്റുകളിലെ ഫീസ്. ഇതേ ഫീസ് തങ്ങള്‍ക്കും അനുവദിച്ചു നല്‍കണമെന്നാണ് മാനേജ്മെന്റുകളുടെ നിലപാട്. എന്നാല്‍ നിലവിലെ ഫീസായ 1.85 ലക്ഷത്തില്‍ നിന്ന് 10 ശതമാനത്തിന്റെയോ, പരമാവധി 2.5 ലക്ഷം വരെയോ മാത്രമേ വര്‍ധിപ്പിക്കാനാകൂവെന്നാണ് സര്‍ക്കാര്‍ നിലപാട്.
ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്ക് ഒരു നീതിയും മറ്റുളളവര്‍ക്ക് വേറൊരു നീതിയും എന്ന നിലപാട് അംഗീകരിക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗം മാനേജ്മെന്റുകളുടെ നിലപാട്. ഫീസ് വര്‍ധനക്ക് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സ്വന്തം നിലക്ക് പ്രവേശ നടപടികളുമായി മുന്നോട്ടു പോകണമെന്ന ആവശ്യവും ഇക്കൂട്ടര്‍ക്കുണ്ട്. സര്‍ക്കാരുമായി ഒത്തുപോകണമെന്ന നിലപാടിലാണ് മറുവിഭാഗം.