കൊച്ചി തീരമേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷം
കൊച്ചിയിലെ തീരദേശ മേഖലകളായ ചെല്ലാനം, കണ്ടക്കടവ് ഭാഗങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാകുന്നു.
കൊച്ചിയിലെ തീരദേശ മേഖലകളായ ചെല്ലാനം, കണ്ടക്കടവ് ഭാഗങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാകുന്നു. മഴയ്ക്കൊപ്പം കാറ്റും കനത്തതോടെ തിരയുടെ ശക്തി വർധിച്ച് കരയിലേക്ക് ആഞ്ഞടിക്കുകയാണ്. ഇതോടെ വീടുകൾ കടലെടുക്കുമോ എന്ന പേടിയിലാണ് തീരദേശവാസികൾ.
കാലവര്‍ഷം തുടങ്ങിയതോടെ തീരദേശവാസികളുടെ ദുരിതവും ആരംഭിച്ചിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് കൊച്ചിയിലെ തീരദേശ മേഖലകളായ ചെല്ലാനം, കണ്ടക്കടവ്, മാനാശേരി ഭാഗങ്ങളില്‍ കടൽവെള്ളം ഇരച്ചു കയറി അനവധി വീടുകൾ വെള്ളത്തിലായി. കടല്‍ ഭിത്തി മറികടന്ന് വെള്ളത്തോടൊപ്പം മണലും വീടുകളിലേക്ക് അടിച്ചുകയറുന്നുണ്ട്... ഇതോടെ തങ്ങളുടെ വീടും ജീവിതവും കടലെടുക്കുമോ എന്ന ഭീതിയിലാണ് തീരദേശത്തെ ജനങ്ങള്‍. വീടുകളില്‍ വെള്ളം കയറുന്നത് ഒഴിവാക്കാനുള്ള വാട നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഇത് താല്‍ക്കാലിക പരിഹാരം മാത്രമാണെന്നും പുലിമുട്ടും കടല്‍ ഭിത്തിയും നിര്‍മ്മിച്ചാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ എന്നും തീരദേശവാസികള്‍ പറയുന്നു. ഉച്ചകഴിഞ്ഞുള്ള സമയത്താണ് കടല്‍ ക്ഷോഭം രൂക്ഷമാകുന്നത്. കടലാക്രമണം കനത്തതോടെ മത്സ്യബന്ധന തൊഴിലാളികൾക്ക് കടലിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയുമുണ്ട്.