പാലക്കാട് നിന്ന് നാടുവിട്ട സഹോദരങ്ങള്‍ പോയത് ശ്രീലങ്കയിലേക്കെന്ന് മാതാപിതാക്കള്‍
മതംമാറ്റത്തിന് പിന്നില്‍ സാകിര്‍ നായിക്കാണോയെന്ന് അറിയില്ലെന്നും മാതാപിതാക്കള്‍
പാലക്കാട് നിന്ന് നാടുവിട്ട സഹോദരങ്ങളായ ബ്രക്സണും ബെസ്റ്റിനും പോയത് ശ്രീലങ്കയിലേക്കാണെന്ന് മാതാപിതാക്കള്‍. തിരിച്ചുവരുമെന്ന് ഉറപ്പുനല്‍കിയാണ് ഇരുവരും പോയത്. ഇവരുടെ മതം മാറ്റത്തിന് പിന്നില്‍ സാകിര്‍ നായിക്കാണോയെന്ന് അറിയില്ലെന്നും യാക്കര സ്വദേശികളായ വിന്‍സെന്റും ഭാര്യ എല്‍സിയും കൂട്ടിച്ചേര്‍ത്തു.
ഇസ്‍ലാം മതം സ്വീകരിച്ച ബ്രക്സണും ബെസ്റ്റിനും ഭാര്യമാരും മാതാപിതാക്കളായ വിന്‍സെന്റിനും എല്‍സിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഒരുമാസം മുമ്പ് ശ്രീലങ്കയിലേക്കാണ് ഇവര്‍ പോയതെന്ന് മാതാപിതാക്കള്‍ പറയുന്നു. മക്കളുടെ ഭാര്യമാര്‍ ഗര്‍ഭിണികളായിരുന്നു. പ്രസവസമയത്ത് ശ്രീലങ്കയിലാണെങ്കിലും ഒപ്പമുണ്ടാകണമെന്ന് ആലോചിച്ചിരുന്നു. ആത്മീയത തേടി മക്കളും മരുമക്കളും ഇടക്കിടക്ക് വീട് വിട്ടുപോകാറുണ്ട്. മക്കള്‍ ഐഎസില്‍ ചേരുമെന്ന് വിശ്വസിക്കുന്നില്ല. ബ്രക്സണും ബെസ്റ്റിനും ഇസ്‍ലാം മതം സ്വീകരിച്ചത് സാകിര്‍ നായിക്കില്‍ നിന്നാണോയെന്ന് അറിയില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.
ഇസ്‌ലാം മതം സ്വീകരിക്കണമെന്ന് മക്കളും മരുമക്കളും തങ്ങളോട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ബോംബെയിലേക്ക് ടൂര്‍ പോയപ്പോള്‍ മരുമകനെ ഏതോ ഒരു ഓഫീസില്‍ കൊണ്ടുപോയി ഇസ്‌ലാമിനെക്കുറിച്ച് പഠിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ താത്പര്യമില്ലെന്ന് അറയിച്ച് അവന്‍ അവിടെ നിന്ന് മടങ്ങിയെന്നും വിന്‍സെന്‍റും എല്‍സിയും പറഞ്ഞു.