അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുമെന്ന് കെ ടി ജലീല്‍
ഇതിനായി തദ്ദേശസ്ഥാപനങ്ങള്‍ അവരുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും പണം വിനിയോഗിക്കാമെന്നും
അക്രമകാരികളായ തെരുവ് നായ്ക്കളെ മരുന്ന് കുത്തിവെച്ച് കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍. ഇതിനായി തദ്ദേശസ്ഥാപനങ്ങള്‍ അവരുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും പണം വിനിയോഗിക്കാമെന്നും മന്ത്രി പറഞ്ഞു. അതേസമയം അക്രമകാരികളായ തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കാനുള്ള നടപടി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആരംഭിച്ചു.
ആക്രമണകാരികളായ നായകളെ കൊല്ലുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്ന ഉത്തരവ് സര്‍ക്കാര്‍ ഇന്ന് തന്നെ ഇറക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെടി ജലീല്‍ പറഞ്ഞിരുന്നു. മൃഗ സ്നേഹികളുടെ മറവില്‍ ആന്റി റാബി വാക്സിന്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തെരുവുനായ ശല്യം നേരിടാന്‍ വിപുലമായ പരിപാടികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജനങ്ങളുടെ സുരക്ഷയാണ് സര്‍ക്കാറിനെ സംബന്ധിച്ച് പ്രധാനമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ഇതിന് പുറമേ മൊബൈല്‍ സ്റ്റെറിലൈസേഷന്‍ യൂണിറ്റുകള്‍, അനിമല്‍ ബര്‍ത്ത് കണ്ട്രോൾ നടപടി എന്നീ സാധ്യതകൾ ഉപയോഗപ്പെടുത്തും. ആക്രമണകാരികളായ തെരുവു നായകളെ മരുന്ന് കുത്തിവെച്ച് കൊല്ലും. ഇതിനാവശ്യമായ പണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്ന് നല്‍കും. മൃഗ സ്നേഹികളുടെ മറവില്‍ ആന്റി റാബി വാക്സിന്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന കാര്യം പരിശോധിക്കും.
നായ പെരുപ്പത്തിന് കാരണമാകുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ കേന്ദ്രീകൃത സംവിധാനത്തെക്കുറിച്ച് സര്‍ക്കാര്‍ ഗൌരവമായി ആലോചിക്കുന്നുണ്ടെന്നും തിരുവനന്തപുരം പ്രസ്‍ക്ലബില്‍ നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വികെ പ്രശാന്തും മീറ്റ് ദി പ്രസില്‍ പങ്കെടുത്തു.