മലബാര്‍ സിമന്റ്സ് അഴിമതി കേസിലെ പ്രതിക്ക് വീണ്ടും നിയമനം
മലബാര്‍ സിമിന്റ്സ് അഴിമതി കേസിലെ പ്രതിയായ എന്‍ആര്‍ സുബ്രമണ്യത്തിന് വീണ്ടും നിയമനം.
മലബാര്‍ സിമിന്‍്സ് അഴിമതി കേസിലെ പ്രതിയായ എന്‍ആര്‍ സുബ്രമണ്യത്തിന് വീണ്ടും നിയമനം. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍ ലിമിറ്റഡിന്റെ സിഎംഡി ആയി നിയമിച്ചുകൊണ്ട് വ്യവസായ വകുപ്പ് ഉത്തരവിറക്കി. വ്യവസായ വകുപിലെ ചുമതലകളില്‍ നിന്ന് സുബ്രഹ്മണ്യത്തെ ഒഴിവാക്കണമെന്ന വിജിലന്‍സിന്റെ ശുപാര്‍ശ എല്‍ഡിഎഫ് സര്‍ക്കാരും അവഗണിച്ചു. ടിസിസിഎല്‍ ബോര്‍ഡ് പുനസംഘടിപ്പിച്ചുകൊണ്ടുള്ള വ്യവസായ വകുപ്പിന്റെ ഉത്തരവ് മീഡിയവണിന് ലഭിച്ചു.
മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷിക്കുന്ന കേസുകളിലെ പ്രതിയാണ് മലബാര്‍ സിമന്സ് മുന്‍ എംഡികൂടിയായ എന്‍ ആര്‍ സുബ്രഹ്മണ്യം. ഇയാളെ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതാണ്. എന്നാല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതിന് പിന്നാലെയാണ് പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ സുബ്രഹ്മണ്യത്തിന് വീണ്ടും നിയമനം നല്‍കിയിരിക്കുന്നത്. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡിലെ ഡയറക്ടര്‍ ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കാണ് സുബ്രഹ്മണ്യത്തിന്റെ പുതിയ നിയമനം.
ബോര്‍ഡ് പുനസംഘടിപ്പിച്ചു കൊണ്ട് സെപ്തംബര്‍ മൂന്നാം തിയതി വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഉത്തരവ് ഇറക്കുകയും ചെയ്തു. ചട്ടങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് ഇയാളുടെ നിയമനമെന്നും ആരോപണമുണ്ട്. 1998 മുതല്‍ മലബാര്‍ സിമന്റ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സുബ്രഹ്മണ്യത്തെ 2010ല്‍ എംഡിയായും നിയമിച്ചിരുന്നു. ഈ കാലയളവിലെല്ലാം കോടികളുടെ ക്രമക്കേടാണ് മലബാര്‍ സിമന്റ്സില്‍ സിഎജി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് വിജിലന്‍സ് 15ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണവും നടത്തിയിരുന്നു. യുഡിഎഫ് സര്‍ക്കാരും സുബ്രഹ്മണ്യത്തെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നുവെന്ന് പറയുന്ന പിണറായി വിജയന്‍ സര്‍ക്കാരും ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നത്.