അടുത്ത അഞ്ചാഴ്ച ഇപിക്ക് നിര്‍ണ്ണായകം
വിജിലന്‍സ് ത്വരിത പരിശോധന ആരംഭിച്ചതോടെ ഇ പി ജയരാജന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്നത് അടുത്ത അഞ്ചാഴ്ച്ചക്കിടെയായിരിക്കും
വിജിലന്‍സ് ത്വരിത പരിശോധന ആരംഭിച്ചതോടെ ഇ പി ജയരാജന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്നത് അടുത്ത അഞ്ചാഴ്ച്ചക്കിടെയായിരിക്കും. പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ എഫ്ഐആര്‍ രജിസ്ട്രാര്‍ ചെയ്യുമെന്ന കാര്യം ഉറപ്പാണ്. ഇതോടെ മന്ത്രിസഭയിലേക്ക് തിരിച്ച് വരാനുള്ള സാധ്യതയായിരിക്കും എന്നന്നേക്കുമായി അടയുക.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ എം മാണിക്കെതിരെ അന്വേഷണം നടത്തിയപ്പോള്‍ വിജിലന്‍സ് കേട്ട പഴികളൊന്നും കേള്‍പ്പിക്കരുതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജയകുമാറിന് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതുകൊണ്ട് തന്നെ ഭരണകക്ഷിയിലെ പ്രമുഖനെതിരെ ഉയര്‍ന്ന് വന്ന ചെറിയ കാര്യങ്ങള്‍ പോലും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. പരാതിയില്‍ ഉയര്‍ന്ന ഏതെങ്കിലും കുറ്റങ്ങള്‍ ഇപിക്കെതിരെ തെളിയിക്കാനായാല്‍ കെ എം മാണിക്കെതിരെ എഫ്ഐആര്‍ ഇട്ടത് പോലെ തന്നെ ജയരാജനെതിരേയും കേസ് രജിസ്ടര്‍ ചെയ്യും.
വ്യവസായ വകുപ്പ് മറ്റാര്‍ക്കും നല്‍കാതെ മുഖ്യമന്ത്രി കൈവശം വെച്ചിരിക്കുന്ന വിജിലന്‍സ് അന്വഷണത്തില്‍ കുറ്റവിമുക്തനായി വന്നാല്‍ തിരികെ നല്‍കാനാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. പക്ഷെ എഫ്ഐആര്‍ ഇട്ടാല്‍ തിരികെ മന്ത്രിസഭയിലേക്കെന്ന സാധ്യതയാകും കൊട്ടിയടക്കപ്പെടുക. ഒപ്പം ഇ പി ജയരാജന്റെ രാഷ്ട്രീയ ഭാവിക്കും മങ്ങലേല്‍ക്കും. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇടപെടില്ലന്ന ഉറപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജേക്കബ് തോമസിന് നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് പതിവില്‍ നിന്ന് വ്യത്യസ്തമായി ത്വരിതപരിശോധന നടത്തുന്ന സംഘത്തില്‍ ഒരു എസ്പിയേയും രണ്ട് ഡിവൈഎസ്പിമാരേയും ഒരു സിഐയേയും വിജിലന്‍സ് ഉള്‍പ്പെടുത്തിയത്.