ലോ അക്കാദമി ഭൂമി: സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

Update: 2018-05-13 20:42 GMT
Editor : Sithara
ലോ അക്കാദമി ഭൂമി: സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു
Advertising

റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല

Full View

ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച് റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ഭൂമി എന്തിനു നല്‍കി, എന്താവശ്യങ്ങള്‍ക്കായി വിനിയോഗിച്ചു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. അക്കാദമിയുടെ പക്കലുള്ള അധിക ഭൂമി ഏറ്റെടുക്കണമെന്ന വി എസ് അച്യുതാനന്ദന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.

ലോ അക്കാദമി സമരത്തിലെ വഴിത്തിരിവാണ് ഭൂമി സംബന്ധിച്ച റവന്യൂ വകുപ്പ് അന്വേഷണം. അക്കാദമി നിലനില്‍ക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും മാനേജ്മെന്റിനെതിരായ പരാതികളുടെ പശ്ചാത്തലത്തില്‍ അധിക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സമരപ്പന്തലിലെത്തിയ വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. ഭൂമി പതിച്ചുനല്‍കിയത് ആരെന്ന കാര്യത്തില്‍ ഇരുമുന്നണികളും പരസ്പരം ആരോപണമുന്നയിക്കുന്നതിനിടെയാണ് സെക്രട്ടേറിയറ്റിന് സമീപം പുന്നം റോഡില്‍ അക്കാദമി ട്രസ്റ്റിന് നല്‍കിയ ഭൂമി സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുമായി ചേര്‍ന്ന് ഫ്ലാറ്റ് നിര്‍മിച്ച് വില്‍പന നടത്തിയതിന്റെ രേഖകളും പുറത്തുവന്നത്.

എന്നാല്‍ ഭൂമി തിരിച്ചുപിടിക്കല്‍ സമരത്തിന്റെ ആവശ്യമല്ലെന്നും സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയമാണ് ഇതിനുപിന്നിലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ നിലപാട്. പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് റവന്യു മന്ത്രിയും പ്രതികരിച്ചു. എന്നാല്‍ ഭൂവിനിയോഗം അന്വേഷിക്കണമെന്നും അധികഭൂമിയും അതിലെ വസ്തുവകകളും സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ കത്ത് നല്‍കിയതോടെ അന്വേഷണം പ്രഖ്യാപിക്കാന്‍ റവന്യു വകുപ്പ് നിര്‍ബന്ധിതമാവുകയായിരുന്നു.

അക്കാദമിയുടെ ഇന്നത്തെ ഘടനയിലുളള ട്രസ്റ്റിന് തന്നെയാണോ ഭൂമി നല്‍കിയതെന്നും പരിശോധനയില്‍ വരും. സമരമുഖത്തുള്ള സിപിഐ വിദ്യാര്‍ഥി സംഘടന എഐഎസ്എഫിന്റെയും ഭൂമി നല്‍കിയതില്‍ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്ന സിപിഐ നേതൃത്വത്തിന്റെയും നിലപാട് അന്വേഷണം പ്രഖ്യാപിക്കുന്നതിന് വഴിയൊരുക്കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News