വിടവാങ്ങിയത് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടായിരുന്ന സാംസ്കാരിക പ്രവര്‍ത്തകന്‍
രാഷ്ട്രീയത്തെയും സാംസ്കാരിക പ്രവര്‍ത്തനത്തെയും വേര്‍തിരിച്ചു നിര്‍ത്താന്‍ ബാബു ഭരദ്വാജിന് ഒരിക്കലും സാധിച്ചിരുന്നില്ല.
എഴുപതുകളിലും എണ്‍പതുകളിലും കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന ക്ഷുഭിത യൌവ്വനങ്ങളുടെ പ്രതിനിധിയായിരുന്നു ബാബു ഭരദ്വാജ്. എന്നാല്‍ തീവ്ര ഇടതു പക്ഷത്തോടൊപ്പം ചേരാതെ മാര്‍ക്സിസ്റ്റ് മുഖ്യധാരയോടൊപ്പമായിരുന്നു അദ്ദേഹത്തിന്‍റെ സഞ്ചാരം.
രാഷ്ട്രീയത്തെയും സാംസ്കാരിക പ്രവര്‍ത്തനത്തെയും വേര്‍തിരിച്ചു നിര്‍ത്താന്‍ ബാബു ഭരദ്വാജിന് ഒരിക്കലും സാധിച്ചിരുന്നില്ല. വിദ്യാര്‍ത്ഥി കാലത്ത് സ്റ്റുഡന്‍റ്സ് ഫെഡറേഷനിലൂടെ ആരംഭിച്ചു രാഷ്ട്രീയ പ്രവര്‍ത്തനം. എന്‍ജിനീയറിങ് പഠനത്തിന് ശേഷം ഗള്‍ഫില്‍ ജോലി തേടി പോയ ബാബു ഭരദ്വാജ് പക്ഷേ കേരളത്തിലെ സാംസ്കാരിക രംഗവുമായുള്ള ബന്ധം വിട്ടില്ല. 1980ല്‍ ചിന്ത രവി സംവിധാനം ചെയ്ത ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ എന്ന ചിത്രം നിര്‍മിച്ചത് ബാബു ഭരദ്വാജാണ്. ശശികുമാര്‍, ചിന്ത രവി, കടമ്മനിട്ട , വിജയലക്ഷ്മി, ബാബു ഭരദ്വാജിന്‍റെ മകള്‍ രേഷ്മ എന്നിവര്‍ ആ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
പ്രവാസികളെക്കുറിച്ചുള്ള പ്രവാസിയുടെ കുറിപ്പുകള്‍, പ്രവാസിയുടെ വഴിയമ്പലം എന്നീ പുസ്തകങ്ങളാണ് ബാബു ഭരദ്വാജിനെ ജനകീയ എഴുത്തുകാരനാക്കി മാറ്റിയത്. സിപിഎം വിഭാഗീയതയുടെ കാലത്തും താന്‍ വിഎസ് അച്യുതാനന്ദനൊപ്പമാണ് എന്ന് തുറന്ന് പറയാന്‍ ബാബു ഭരദ്വാജ് മടികാണിച്ചിരുന്നില്ല.