ഷുഹൈബ് വധം: കെ സുധാകരന്റെ സമരം ആറാം ദിവസത്തിലേക്ക്
തുടര്‍ പ്രക്ഷോഭങ്ങള്‍ സഭക്കകത്തേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങി യു ഡി എഫ്
ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.സുധാകരന്‍ നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നു. സുധാകരന്റെ ആരോഗ്യ നില തൃപ്തികരമല്ലെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും മെഡിക്കല്‍ സംഘം ആവശ്യപ്പെട്ടു. കേസിലെ മറ്റ് പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.
ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം എന്ന ആവശ്യത്തില്‍ നിന്ന് പിറകോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് യു.ഡി.എഫ്.സി.ബി.ഐ അന്വേഷണത്തിന് തയ്യാറാണെന്ന് മന്ത്രി എ.കെ ബാലന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രഖ്യാപനം വൈകുന്നതും സുധാകരന്റെ ആരോഗ്യ നില വഷളാകുന്നതും യു.ഡി.എഫ് ക്യാമ്പില്‍ കടുത്ത പ്രതിഷേധത്തിനും ആശങ്കക്കും ഇടയാക്കിയിട്ടുണ്ട്. സി.ബി.ഐ അന്വേഷണം സംബന്ധിച്ച് ഉറപ്പ് ലഭിക്കുന്നില്ലെങ്കില്‍ ഈ മാസം 26 വരെ സമരം തുടരാനാണ് യു.ഡി.എഫിന്റെ തീരുമാനം. 26ന് നിയമസഭ ആരംഭിക്കാനിരിക്കെ തുടര്‍ പ്രക്ഷോഭങ്ങള്‍ സഭക്കുളളിലേക്ക് കൂടി വ്യാപിപ്പിക്കും. ഇന്ന് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമര പന്തലില്‍ നിരാഹാര സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് മൂന്ന് പേര്‍ക്ക് വേണ്ടിയുളള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. ഇരിട്ടിയിലും പരിസര പ്രദേശങ്ങളിലുമുളള പാര്‍ട്ടി ഗ്രാമങ്ങളില്‍ നടത്തുന്ന തെരച്ചിലിന് പിന്നാലെ ഇന്നലെ അന്വേഷണ സംഘം ബംഗളുരുവിലും തെരച്ചില്‍ നടത്തി. ബംഗളുരുവില്‍ ജോലി ചെയ്യുന്ന തില്ലങ്കേരി സ്വദേശികളായ ചിലരെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതിനിടെ ഷുഹൈബ് കൊലപാതക കേസിലെ പൊലീസിന്റെ മെല്ലെ പോക്കിലും കേസ് സി ബി ഐ ക്ക് വിടാത്ത സർക്കാർ നിലപാടിലും പ്രതിഷേധിച്ച് യു ഡി എഫ് ഇന്ന് ഷുഹൈബ് ദിനമായി ആചരിക്കും. വൈകിട്ട് സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ പ്രകടനവും പൊതുയോഗവും നടത്തും.