സ്കൂള്‍ നഷ്ടത്തില്‍; നടത്തിപ്പിനായി നാട്ടുകാര്‍ക്ക് വിട്ടുനല്‍കി ഒരു മാനേജര്‍
കാഞ്ഞിരങ്ങാട് എ.യു.പി സ്കൂള്‍ മാനേജരാണ് അടച്ച് പൂട്ടല്‍ ഭീക്ഷണി നേരിടുന്ന സ്കൂള്‍ പത്ത് വര്‍ഷത്തേക്ക് ജനകീയ കമ്മറ്റിക്ക് നടത്തിപ്പിനായി വിട്ടു നല്കിയത്.
നഷ്ടത്തിലായ എയിഡഡ് സ്കൂളുകള്‍ അടച്ചു പൂട്ടുന്ന പുതിയ കാലത്ത് സ്വന്തം സ്കൂള്‍ നാട്ടുകാര്‍ക്ക് നടത്തിപ്പിന് വിട്ടു നല്കി പുതിയ പാഠമാകുകയാണ് കണ്ണൂരിലെ ഒരു സ്കൂള്‍ മാനേജര്‍. കാഞ്ഞിരങ്ങാട് എ.യു.പി സ്കൂള്‍ മാനേജരാണ് അടച്ച് പൂട്ടല്‍ ഭീക്ഷണി നേരിടുന്ന സ്കൂള്‍ പത്ത് വര്‍ഷത്തേക്ക് ജനകീയ കമ്മറ്റിക്ക് നടത്തിപ്പിനായി വിട്ടു നല്കിയത്.
ഇത് തളിപ്പറമ്പ് നോര്‍ത്ത് വിദ്യാഭ്യാസ ഉപജില്ലയില്‍ പെട്ട കാഞ്ഞിരങ്ങാട് എ.യു.പി സ്കൂള്‍. നാല് ക്ലാസുകളിലായി ഇവിടെ ആകെ പഠിതാക്കളായുളളത് 47 കുട്ടികള്‍. ഒപ്പം നാല് അധ്യാപികമാരും. 1920ല്‍ ആരംഭിച്ച ഈ സ്കൂള്‍ ഒരു കാലത്ത് ഈ മേഖലയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു.
എന്നാല്‍ 2010 ഓടെ സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണം തീരെ കുറഞ്ഞു. അതോടെ മൂന്ന് അധ്യാപകര്‍ പുറത്തായി. 2014ല്‍ സ്കൂളിനെ നഷ്ടത്തിലായ സ്കൂളുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പുതിയ അഡ്മിഷനുകളൊന്നും ഇല്ലാതായതോടെ സ്കൂള്‍ അടച്ച് പൂട്ടുകയല്ലാതെ മാനേജര്ക്ക് മുന്നില്‍ മറ്റ് വഴികളൊന്നുമില്ലായിരുന്നു. എന്നാല്‍ ഈ സമയത്താണ് സ്ഥലം എം.എല്‍.എ ജയിംസ് മാത്യു മുന്‍കൈയ്യെടുത്ത് നാട്ടുകാരുടെ ഒരു കമ്മറ്റി രൂപീകരിക്കുന്നത്. ഇരുപത്തിയഞ്ച് അംഗങ്ങളുളള നാട്ടുകാരുടെ ഈ കമ്മറ്റിക്ക് പത്ത് വര്‍ഷത്തേക്ക് സ്കൂളിന്റെ നടത്തിപ്പ് ചുമതല വിട്ടുനല്കാന്‍ മാനേജര്‍ തയ്യാറായി. ഇനി ഈ കമ്മറ്റിക്ക് മുന്നില്‍ കടമ്പകള്‍ ഏറെയുണ്ട്.