ബേഡകത്തെ സിപിഎം വിമതര്‍ സിപിഐയില്‍ ചേര്‍ന്നു
സിപിഎം മുന്‍ ജില്ലാ കമ്മറ്റി അംഗം പി ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകരാണ് സിപിഐയില്‍ ചേര്‍ന്നത്.
കാസര്‍കോട് ബേഡകത്തെ സിപിഎം വിമതര്‍ സിപിഐയില്‍ ചേര്‍ന്നു. സിപിഎം മുന്‍ ജില്ലാ കമ്മറ്റി അംഗം പി ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകരാണ് സിപിഐയില്‍ ചേര്‍ന്നത്. വിമതരെ അനുനയിപ്പിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം സമവായ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഈ നീക്കം വിജയിച്ചില്ല.
സിപിഐ സംഘടിപ്പിച്ച സി അച്യുതമേനോന്‍ അനുസ്മരണ പരിപാടിയില്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയാണ് ഗോപാലന്‍ മാസ്റ്റരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
സിപിഎമ്മിന്റെ ബേഡകം ഏരിയയിലെ 7 ബ്രാഞ്ച് കമ്മറ്റികളില്‍ നിന്നായി ഗോപാലന്‍മാസ്റ്ററുള്‍പ്പടെ 107 പേരാണ് സിപിഐയില്‍ ചേര്‍ന്നത്. ഒരോ പ്രവര്‍ത്തകന്റെയും പേര് വായിച്ച് പരിചയപ്പെടുത്തിയായിരുന്നു പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചല്ല സിപിഐയില്‍ ചേര്‍ന്നതെന്ന് ഗോപാലന്‍മാസ്റ്റര്‍ പറഞ്ഞു.
ബേഡകത്ത് സിപിഎം കെട്ടിപടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഗോപാലന്‍ മാസ്റ്റര്‍ പാര്‍ട്ടി വിട്ടതോടെ ബേഡകം ഏരിയയിലെ പല ബ്രാഞ്ച് കമ്മറ്റികളും നിര്‍ജീവമാകുമെന്നാണ് സൂചന.