കേരളത്തിലെ ഹിന്ദുയുവതയെ സജ്ജമാക്കാന്‍ പുല്‍പ്പള്ളി ക്യാമ്പുമായി വിഎച്ച്പി

Update: 2018-05-14 00:04 GMT
കേരളത്തിലെ ഹിന്ദുയുവതയെ സജ്ജമാക്കാന്‍ പുല്‍പ്പള്ളി ക്യാമ്പുമായി വിഎച്ച്പി
Advertising

സമര്‍ത്ഥരായ യുവാക്കളെ അതികഠിനമായ പരിശീലനം നല്‍കി സമൂഹത്തില്‍ വിന്യസിക്കുകയാണ് ലക്ഷ്യമെന്നതിനാല്‍ ആരോഗ്യപ്രശ്നമുള്ളവര്‍ ക്യാമ്പില്‍ പങ്കെടുക്കേണ്ടതില്ലെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്.

ബജ്‍രംഗദള്‍ സംസ്ഥാന ശൌര്യ പ്രശിക്ഷണ്‍ വര്‍ഗിന്റെ പേരില്‍ താഴേക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യാനായി പുറത്തിറക്കിയ നോട്ടീസ് സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവന്നതിനെ തുടര്‍ന്ന് വൈറലാകുന്നു. പ്രിയ ബന്ധു എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന കത്തില്‍, യുവാക്കള്‍ക്കായി ബജ്‍രംഗദള്‍ ഇത്തരമൊരു ക്യാമ്പ് നടത്തുന്നതിന്റെ ലക്ഷ്യങ്ങള്‍ ആദ്യമായി വിശദീകരിച്ചിരിക്കുന്നു.

''ഭാരതത്തില്‍ ഹിന്ദുത്വ മുന്നേറ്റത്തിനനുകൂലമായ ഒരു കാവിതരംഗം അലയടിച്ചുകൊണ്ടിരിക്കുകയാണ്. ഹിന്ദുവിന്റെ നെടുനാളത്തെ തീവ്ര അഭിലാഷമായ രാമക്ഷേത്രം നിര്‍മ്മിക്കുവാന്‍ അയോധ്യ ഒരുങ്ങിക്കഴിഞ്ഞു. ഭാരത്തതിന്റെ ഗതിവേഗത്തോട് ചേര്‍ന്നു നില്‍ക്കാന്‍ കേരളം ഇനിയും മുന്നേറേണ്ടതുണ്ട്. കേരളത്തില്‍ സംഘടിത ഇസ്ലാമിക മതമൌലിക ശക്തികള്‍ അതിന്റെ ഭീമാകാരരൂപം പൂണ്ടുകഴിഞ്ഞു. ലൌജിഹാദ് പോലുള്ള പ്രണയക്കെണികള്‍ കേരളത്തില്‍ വ്യാപകമായിരിക്കുന്നു. ഇതിനെ ചെറുക്കാനും തോല്‍പിക്കുവാനും ഹിന്ദുയുവതയെ സജ്ജമാക്കേണ്ടതുണ്ട്. ഏത് പ്രതികൂല സാഹചര്യത്തേയും നേരിടുവാന്‍ അതികഠിനപരിശീലനം നല്‍കി സമര്‍ഥരായ യുവാക്കളെ കണ്ടെത്തി പങ്കെടുപ്പിക്കുവാന്‍ വേണ്ട പ്രവര്‍ത്തനം നടന്നുവരുന്നുണ്ടെന്ന് കരുതുന്നു.'' - എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശങ്ങളില്‍ ക്യാമ്പ് ഫീസ് 100 രൂപയാണെന്നും ബജ്‍രംഗദള്‍ യൂണിഫോം കൊണ്ടുവരണമെന്നും പ്രത്യേകം പറയുന്നുണ്ട്. ക്യാമ്പില്‍ പങ്കെടുക്കുകയാണെങ്കില്‍ മുഴുവന്‍ ദിവസവും ക്യാമ്പിന്റെ ഭാഗമായിരിക്കണമെന്നും 12 ാം തീയതി ദീക്ഷാന്തസമാരോപിന് ശേഷം മാത്രമേ തിരിച്ചു പോകാന്‍ കഴിയുകയുള്ളൂവെന്നും നിര്‍ദേശങ്ങളില്‍ പ്രത്യേകം പറയുന്നുണ്ട്. സമര്‍ത്ഥരായ യുവാക്കളെ അതികഠിനമായ പരിശീലനം നല്‍കി സമൂഹത്തില്‍ വിന്യസിക്കുകയാണ് ലക്ഷ്യമെന്നതിനാല്‍ ആരോഗ്യപ്രശ്നമുള്ളവര്‍ ക്യാമ്പില്‍ പങ്കെടുക്കേണ്ടതില്ലെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ബജ്റംഗദള്‍ സംസ്ഥാന ഘടകം സംഘടിപ്പിക്കുന്ന ക്യാമ്പ് വയനാട്, പുല്‍പ്പള്ളിയിലാണ് നടക്കുന്നത്. പുല്‍പ്പള്ളി അമൃതവിദ്യാലയത്തില്‍ മെയ് 5 മുതല്‍ 12 വരെയാണ് ക്യാമ്പ്.

Tags:    

Similar News