ശ്രീജിവിന്റെ കസ്റ്റഡി മരണം; സഹോദരന്‍ ശ്രീജിത്ത് ഹൈക്കോടതിയിലേക്ക്

Update: 2018-05-14 09:18 GMT
Advertising

കസ്റ്റഡി മരണമെന്ന് പൊലീസ് കംപ്ലൈന്റ്‌സ് അതോറിറ്റിയുടെ കണ്ടെത്തല്‍ ഹൈക്കോടതിയെ അറിയിക്കും

സഹോദരന്റെ കസ്റ്റഡി മരണത്തില്‍ നടപടി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന ശ്രീജിത്ത് ഹൈക്കോടതിയെ സമീപിക്കുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. സമരം 766-ാം ദിവസത്തിലേക്ക് കടന്നതോടെ പ്രശ്ന പരിഹാരത്തിന് സിപിഎം രംഗത്തിറങ്ങി. ചര്‍ച്ചക്ക് തയ്യാറാണന്ന നിലപാടിലാണ് മുഖ്യമന്ത്രിയുടെ ഓഫീസും . ഇതിനിടെ ശ്രീജിത്തിന്റെ അമ്മ ഗവര്‍ണ്ണറെ കണ്ട് സമരം അവസാനിപ്പിക്കാന്‍ സഹായം തേടി.

Full View

രാവിലെ മുതല്‍ തന്നെ സെക്രട്ടറിയേറ്റിന് മുന്‍പിലെ സമര സ്ഥലം സജീവമായിരുന്നു.സോഷ്യല്‍ മീഡിയാ കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ ശ്രീജിത്തിന്റെ സമീപത്തിരുന്ന് റിലേ നിരാഹാരം തുടങ്ങി. പത്ത് മണിയോടെ വി.എം സുധീരനും തൊട്ട് പിന്നാലെ വി.ശിവന്‍കുട്ടിയും വി.എസ് ശിവകുമാറും എത്തി.സമരം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ശിവന്‍കുട്ടി നടത്തിയത്. ശിവന്‍കുട്ടി ബന്ധപ്പെട്ടതനുസരിച്ച് ചര്‍ച്ചക്ക് തയ്യാറാണന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചക്കില്ലന്ന നിലപാടാണ് ശ്രീജിത്തിനൊപ്പമുള്ളവര്‍ എടുത്തത്.

ഇതിനിടയില്‍ പാണക്കാട് മുനവ്വറലി തങ്ങളും ശ്രീജിത്തിനെ കണ്ട് പിന്തുണ അറിയിച്ചു.ശ്രീജിത്തിന്റെ അമ്മയുടെ നേതൃത്വത്തില്‍ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ കണ്ട് ഇടപെടല്‍ അഭ്യര്‍ത്ഥിച്ചു. ശ്രീജിവിന്റെ മരണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ നടപടിക്കെതിരെ വാങ്ങിയ സ്റ്റേ ഓര്‍ഡര്‍ റദ്ദ് ചെയ്യാന്‍ ശ്രീജിത്തിനൊപ്പമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.

Tags:    

Similar News