സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ ഇന്ന് കരിദിനം ആചരിക്കുന്നു
സമരം ശക്തമാക്കിയതോടെ ഇനി ചര്‍ച്ച വേണ്ടെന്ന നിലപാടാണ് ഭാരത് ആശുപത്രി മാനേജ്‌മെന്റിന്റെ തീരുമാനം.
ഭാരത് ആശുപത്രിയില്‍ സമരം ചെയ്ത നഴ്‌സുമാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ ഇന്ന് കരിദിനം ആചരിക്കുന്നു. യുഎന്‍എയുടെ നേതൃത്വത്തിലാണ് കരിദിനാചരണം. പ്രശ്‌നം പരിഹരിക്കുന്നത് വരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഎന്‍എയുടെ തീരുമാനം.
ഷിഫ്റ്റ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തിയ നഴ്‌സുമാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാന്‍ യുഎന്‍എ തീരുമാനിച്ചത്. എല്ലാ ആശുപത്രികളിലും യുഎന്‍എയില്‍ അംഗമായ നഴ്‌സുമാരും കറുത്ത റിബണ്‍ ധരിച്ചാകും ഇന്ന് ജോലിചെയ്യുക. ഭാരത് ആശുപത്രിയിലെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഎന്‍എയുടെ തീരുമാനം.
ആദ്യം ലോബര്‍ ഓഫീസര്‍ നടത്തിയ ചര്‍ച്ചയില്‍ നഴ്‌സുമാര്‍ മുന്നോട്ട് വെച്ച ചിലകാര്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ പിന്നീട് ഇത് പാലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. സമരം ശക്തമാക്കിയതോടെ ഇനി ചര്‍ച്ച വേണ്ടെന്ന നിലപാടാണ് ഭാരത് ആശുപത്രി മാനേജ്‌മെന്റിന്റെ തീരുമാനം.