അനുജന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നിരാഹാരം തുടങ്ങി
സെക്രട്ടേറിയേറ്റിന് മുമ്പിലെ സമരം 693-ആം ദിവസത്തിലേക്ക് കടന്നപ്പോള്‍ കിടക്കുന്നതിന് സമീപം റീത്തും വെച്ചിട്ടുണ്ട്...
അനുജന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്പില്‍ സമരം ചെയ്യുന്ന ശ്രീജിത്ത് നിരാഹാരം തുടങ്ങി. സമരം 693-ആം ദിവസത്തിലേക്ക് കടന്നപ്പോള്‍ കിടക്കുന്നതിന് സമീപം റീത്തും വെച്ചിട്ടുണ്ട്. 2014-ല്‍ ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു.
2014-മെയ് 12-ന് അര്‍ദ്ധരാത്രി പാറശ്ശാല പോലീസ് സ്റ്റേഷനിലെ ഒരു സംഘം പോലീസുകാര്‍ ശ്രീജിത്തിന്റെ വീട്ടില്‍ കയറി അനുജന്‍ ശ്രീജിവിനെ അന്വേഷിച്ചു.വീട്ടുകാര്‍ കാരണം ചോദിച്ചപ്പോള്‍ പെറ്റി കേസാണ്, ശ്രീജീവ് വന്നാല്‍ സ്റ്റേഷനിലേക്ക് വരാന്‍ പറയണമെന്നായിരുന്നു മറുപടി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ശ്രീജിവിനെ പോലീസ് കസ്റ്റഡില്‍ എടുത്തു. പിന്നീട് വീട്ടുകാര്‍ പോലീസില്‍ നിന്ന് കേട്ടത് കസ്റ്റഡിയില്‍ വെച്ച് ശ്രീജീവ് വിഷം കഴിച്ചുവെന്ന വിവരമാണ്.2014 മെയ് 21-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് ശ്രീജിവ് മരിക്കുകയും ചെയ്തു.
പോലീസുകാരന്‍റെ ബന്ധുവായ പെണ്‍കുട്ടിയുമായി പ്രണയ ബന്ധം ഉണ്ടായിരുന്നത് കൊണ്ട് പോലീസുകാര്‍ കൊലപ്പെടുത്തിയതാണന്ന ആക്ഷേപം വീട്ടുകാര്‍ ഉന്നയിച്ചു.ഇതോടെ പോലീസ് കംപ്ലയ്മെന്റ് അതോറിട്ടി അന്വേഷണം നടത്തി വീട്ടുകാരുടെ ആക്ഷേപം ശരിയാണന്ന് കണ്ടെത്തി. ഇതിനിടയില്‍ സിബിഐ അന്വേഷണം ആവിശ്യപ്പെട്ട് ശ്രീജിത്ത് സമരം തുടങ്ങിയിരുന്നു. കഴിഞ്ഞ ജൂണില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും നടപടികളൊന്നും തുടങ്ങിയിട്ടില്ല. ഇതോടെയാണ് അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടന്നത്.