''കേരളക്കാര്‍ക്ക് ഞമ്മളെ മൈന്‍ഡേ ഇല്ല..'' വിദ്യാഭ്യാസ അവഗണനക്കെതിരെ 'കാസ്രോട്ടാര്‍ക്കും ചെല്ലാനിണ്ട്'
കാസര്‍ഗോഡ് ജില്ലയോട് തുടരുന്ന വിദ്യാഭ്യാസ അവഗണനക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ് എസ്ഐഒ കാസര്‍ഗോഡ് ജില്ലാ സംവേദനവേദി പുറത്തിറക്കിയ..
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംസ്ഥാനയാത്ര തുടങ്ങാന്‍ മാത്രമുള്ളതല്ല കാസര്‍ഗോഡിന്റെ മണ്ണ്. അവിടെ വളര്‍ന്നുവരുന്ന യുവതലമുറക്ക് പഠിക്കാനാവശ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടി വേണം. ഭരണത്തിലേറുമ്പോള്‍ അതുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കാസര്‍ഗോഡ് ജില്ലയോട് തുടരുന്ന ഈ വിദ്യാഭ്യാസ അവഗണനക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ് 'കാസ്രോട്ടാര്‍ക്കും ചെല്ലാനിണ്ട്' എന്ന ഡോക്യുഫിക്ഷന്‍. എസ്ഐഒ കാസര്‍ഗോഡ് ജില്ലാ സംവേദനവേദിയാണ് ഡോക്യുഫിക്ഷന്‍ പുറത്തിറക്കിയിരിക്കുന്നത്.
അഞ്ച് ദിവസത്തിനുള്ളില്‍ പതിനാലായിരത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞ ഡോക്യുഫിക്ഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മതിയായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തതുമൂലം ദുരിതത്തിലായ വിദ്യാര്‍ത്ഥികള്‍ ഡോക്യുഫിക്ഷനിലൂടെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.
ഭൂരിഭാഗം പേരും തുടര്‍പഠനത്തിനായി മംഗളൂരുവിലേക്കാണ് പോകുന്നത്. എന്നാല്‍ ഇത് ഭാരിച്ച ചെലവും യാത്രാദുരിതവുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിക്കുന്നത്. ഒപ്പം ഏജന്റുമാരുടെ കള്ളക്കളികള്‍ നടക്കുന്നതായും പറയുന്നു. ഇതിനെതിരെ നടപടിയെടുക്കണമെന്നും, മംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസി യാത്രാ ഇളവ് അനുവദിക്കണമെന്നും ഡോക്യുഫിക്ഷന്‍ ആവശ്യപ്പെടുന്നുണ്ട്.