തൃശൂര്‍ പൂരത്തിന് ആനയെഴുന്നള്ളിപ്പിനുള്ള നിയന്ത്രണം പിന്‍വലിച്ചു

Update: 2018-05-17 11:26 GMT
Editor : admin
തൃശൂര്‍ പൂരത്തിന് ആനയെഴുന്നള്ളിപ്പിനുള്ള നിയന്ത്രണം പിന്‍വലിച്ചു
Advertising

ദേവസ്വം ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനം

Full View

തൃശൂര്‍ പൂരത്തിന് ആന എഴുന്നളളിപ്പിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുളള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. പകല്‍ 10 മുതല്‍ അഞ്ചു വരെ ആനകളെ എഴുന്നളളിക്കാന്‍ പാടില്ലെന്നതായിരുന്നു പ്രധാന നിയന്ത്രണം. പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കി.

ആന എഴുന്നളളിപ്പിനു നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് വനം വന്യ ജീവി വകുപ്പ് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് നല്‍കിയ ഉത്തരവാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇരുദേവസ്വങ്ങളുടെയും ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. പകല്‍ 10 മുതല്‍ അഞ്ചു വരെ ആനകളെ എഴുന്നളളിക്കാന്‍ പാടില്ലെന്നതായിരുന്നു പ്രധാന നിയന്ത്രണം.

പൂരത്തിലെ പ്രധാന എഴുന്നളളിപ്പ് നടക്കുന്നത് 7.30 മുതല്‍ 6 വരെയാണ്. എഴുന്നളളിപ്പില്‍ ആനകളെ അണിനിരത്തുന്നതില്‍ നിശ്ചിത അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. വയറുകള്‍ തമ്മില്‍ മൂന്നു മീറ്ററും തലകള്‍ തമ്മില്‍ നാലുമീറ്ററും അകലം പാലിക്കണമെന്നായിരുന്നു നിര്‍ദേശം. ഇത് പാലിച്ചാല്‍ പൂരത്തിലെ പ്രധാന ചടങ്ങായ കുടമാറ്റത്തിന് ആനകളെ അണിനിരത്താനാകില്ല.

ഒരു ദിവസം ഒരു ആനയെ മൂന്നു മണിക്കൂറിലേറെ എഴുന്നളളിക്കാന്‍ പാടില്ലെന്നും വനം വകുപ്പിന്റെ നിയന്ത്രണ ഉത്തരവിലുണ്ടായിരുന്നു. ഇത് പാലിച്ചാല്‍ എഴുന്നളളിപ്പിനിടെ ആനകളെ നിരവധി തവണ മാറ്റേണ്ടിയും വരും. ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഉത്തരവ് പുനഃപരിശോധിക്കണമെന്ന ദേവസ്വങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചത് ദേവസ്വങ്ങളുമായി ചര്‍ച്ച ചെയ്ത് പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി

Tags:    

Writer - admin

contributor

Editor - admin

contributor

Similar News