സ്വകാര്യ സ്ഥാപനത്തിന്‍റെ കോഴ്സിന് ശ്രീചിത്ര അംഗീകാരം നല്‍കിയത് വിവാദമാകുന്നു

Update: 2018-05-17 07:28 GMT
Editor : Subin
സ്വകാര്യ സ്ഥാപനത്തിന്‍റെ കോഴ്സിന് ശ്രീചിത്ര അംഗീകാരം നല്‍കിയത് വിവാദമാകുന്നു
Advertising

ഗവേണിങ് ബോഡി മിനിറ്റ്സുകളുടെ പകര്‍ക്ക് മീഡിയവണിന് ലഭിച്ചു. 

സ്വകാര്യ സ്ഥാപനത്തിന്‍റെ കോഴ്സിന് അംഗീകാരം നല്‍കുന്നതിനായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സ്വീകരിച്ച നടപടികള്‍ വിവാദത്തില്‍. മൂന്നു തവണ ഗവേണിങ് ബോഡി തള്ളിയകാര്യം നാലാമത് ചര്‍ച്ച കൂടാതെ പാസാക്കി. മെഡിക്കല്‍ കോഴ്സിന് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്കും പ്രവേശനം അനുവദിച്ചു. ഗവേണിങ് ബോഡി മിനിറ്റ്സുകളുടെ പകര്‍ക്ക് മീഡിയവണിന് ലഭിച്ചു.

Full View

ഡല്‍ഹി ആസ്ഥാനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തിന്‍റെ മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് കോഴ്സിന് ശ്രീചിത്ര സര്‍ട്ടിഫിക്ക് നല്‍കാന്‍ തീരുമാനമെടുത്തത് നേരത്തെ വിവാദമായിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചാണ് തീരുമാനമെടുത്തതെന്ന വിശദീകരണമാണ് ശ്രീചിത്ര അധികൃതര്‍ നല്‍കിയിരുന്നത്. എന്നാല്‍ കോഴ്സിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച നടപടികള്‍ പുറത്തുവരുമ്പോള്‍ വ്യക്തമാകുന്നത് ക്രമക്കേടുകളുടെ പരമ്പര തന്നെ നടന്നു എന്നാണ്.

2014 ജൂണിലാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ആദ്യമായി കോഴ്സിന് അനുമതി തേടി ശ്രീ ചിത്രയെ സമീപിക്കുന്നത്. സിഎംസി വെല്ലൂര്‍ ഉള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള സ്ഥാപനങ്ങളുമായി മാത്രമാണ് സഹകരണം ഉണ്ടാക്കിട്ടുള്ളതെന്നും ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ ഓഫ് കാമ്പസ് കോഴ്സിന് അംഗീകാരം നല്‍കുന്ന കാര്യം വിശദമായി ചര്‍ച്ച ചെയ്യണമെന്ന് പറ‍ഞ്ഞ് ഗവേണിങ് ബോഡി അന്ന് വിഷയം മാറ്റിവെച്ചു. 2015 ഫെബ്രുവരിയില്‍ വീണ്ടും ചര്‍ച്ച വന്നു. ഐഐപിഎച്ച് കോഴ്സിന് മേല്‍ നോട്ടം കഴിയാത്തതിനാല്‍ അംഗീകാരം നല്‍കേണ്ടെന്ന് വിശദമായ ചര്‍ക്ക് ശേഷം അപേക്ഷ തള്ളി. 2015 ജൂലൈയില്‍ വീണ്ടും ചര്‍ച്ച വന്നു. ഫലം മറ്റൊന്നായില്ല.

എന്നാല്‍ ചര്‍ച്ച പോലും കൂടാതെ അവസാന ഇനമായാണ് കോഴ്സിന് അഫിലിയേഷന്‍ നല്‍കിയ ജനറല്‍ ബോഡി വിഷയം പരിഗണിച്ചത്. 5 കേന്ദ്രങ്ങളുള്ള ഐഐപിഎച്ചിന്‍റെ ഏത് കേന്ദ്രത്തിലെ കോഴ്സിനാണ് അംഗീകാരം നല്‍കിയതെന്ന് ഗവേണിങ് ബോഡി തീരുമാനത്തില്‍ വ്യക്തമാക്കിയിട്ടുമില്ല. മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകാരമുള്ള മെഡിക്കല്‍ ബിരുദധാരികള്‍ക്കാണ് മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്തില‍് പ്രവേശം നല്‍കാവൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനത്തിലുള്ളത്. എന്നാല്‍ ഐഐപിഎച്ച് കോഴ്സിനായി അതിലും വെള്ളം ചേര്‍ത്തു. എഞ്ചിനീയിറിങ് മാത്രമല്ല മാനവിക വിഷയങ്ങളിലെ ബിരുദക്കാര്‍ക്കും അപേക്ഷിക്കാമെന്നായി.

ഗസറ്റില്‍ വന്ന യോഗ്യതയെ ലഘൂകരിക്കുന്നതിന് ഒരു ഉത്തരവ് മാത്രം ഇറക്കുകയാണ് ശ്രീ ചിത്ര ചെയ്തത്. കോഴ്സിന് അംഗീകാരം നല്‍കിയതിലെ ക്രമക്കേടുകള്‍ക്കെതിരെ ലോകായുക്തയില്‍ രവി ഉള്ള്യേരി എന്ന പൊതുപ്രവര്‍ത്തകന്‍ നല്‍കിയ കേസില്‍ വാദം തുടരുകയാണ്. ഇതിനിടയിലും വീഴ്ച പറ്റിയില്ലെന്ന വിശദീകരണം തുടരുകയാണ് ശ്രീ ചിത്ര അധികൃതര്‍.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News