ഓഖി ദുരന്തം: മരിച്ച മത്സ്യത്തൊഴിലാളികളുടെ എണ്ണം 12 ആയി, 430 പേരെ രക്ഷപ്പെടുത്തി
സൈന്യത്തിന്‍റെയും കോസ്റ്റ് ഗാര്‍ഡിന്‍റേയും പങ്കാളിത്തത്തോടെ ഇതുവരെ 430 ഓളം മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരിച്ച മത്സ്യത്തൊഴിലാളികളുടെ എണ്ണം 12 ആയി ഉയര്‍ന്നു. ഇന്ന് കടലില്‍ നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. അതിനിടെ സൈന്യത്തിന്‍റെയും കോസ്റ്റ് ഗാര്‍ഡിന്‍റേയും പങ്കാളിത്തത്തോടെ ഇതുവരെ 430 ഓളം മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിപ്പോയ 7 മത്സ്യത്തൊഴിലാളികള്‍ ഇന്നലെ മരിച്ചിരുന്നു. ഇന്നും മരണസംഖ്യ ഉയര്‍ന്നത് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിയുണ്ട്. എന്നാല്‍ ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ ആരുടേതൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ തിരുവനന്തപുരത്തെ മെഡിക്കല്‍ കൊളേജില്‍ സൂക്ഷിക്കുന്നുണ്ട്.
ഇന്ന് രാവിലെ 6.30 ഓടെ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഉച്ച വരെ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും അതിന് ശേഷം വിവിധ സ്ഥലങ്ങളില്‍ നിന്നായി നിരവധി പേരെ കണ്ടെത്തി. 15 മത്സ്യത്തൊഴിലാളികളെ വൈകിട്ടോടെ വിഴിഞ്ഞത്ത് എത്തിച്ചു. 10 തമിഴ്നാട് സ്വദേശികളേയും 5 മലയാളികളെയുമാണ് തീരത്ത് എത്തിച്ചത്. 5 മണിയോടെ മൂന്ന് പേരെ എയര്‍പോര്‍ട്ടിന്‍റെ ടെക്നിക്കല്‍ ഏരിയയിലും എത്തിച്ചു.
ഉച്ചയോടെ പൂന്തുറ സ്വേദശികളായ രണ്ട് പേരെ കണ്ടെത്തി കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട്. വേളി സ്വദേശികളായ രണ്ട് പേരെ കൊല്ലത്തും എത്തിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളെ ഏകോപിച്ച് കൊണ്ടുള്ള രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.