ഗെയില്‍ വിരുദ്ധ സമരം ഓമശേരിയിലും; പൈപ്പിടല്‍ തടയുമെന്ന് മുന്നറിയിപ്പ്
കോഴിക്കോട് മുക്കത്തിനു പിന്നാലെ ഗെയില്‍ വിരുദ്ധ സമരം ഓമശേരിയിലേക്കും വ്യാപിക്കുന്നു.ഓമശേരി പുത്തൂര്‍ വില്ലേജിലെ ചോക്കൂര് മേഖലയിലെ ആളുകളാണ് സമരം..
കോഴിക്കോട് മുക്കത്തിനു പിന്നാലെ ഗെയില്‍ വിരുദ്ധ സമരം ഓമശേരിയിലേക്കും വ്യാപിക്കുന്നു. ഓമശേരി പുത്തൂര്‍ വില്ലേജിലെ ചോക്കൂര് മേഖലയിലെ ആളുകളാണ് സമരം ആരംഭിച്ചിരിക്കുന്നത്. ജനവാസ മേഖലകളെ ഒഴിവാക്കി പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
നിലവിലെ അലൈന്‍മെന്‍റ് പ്രകാരം പൈപ്പ് ലൈന്‍ പോവുകയാണെങ്കില്‍ ചോക്കൂര്‍ പ്രദേശത്തെ 40 കുടുംബങ്ങളെയാണ് ബാധിക്കുക. എന്നാല്‍ അടുത്തുള്ള വയലിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുകയാണെങ്കില്‍ ജനവാസ കേന്ദ്രം ഒഴിവാകുമെന്നാണ് നാട്ടുകാരുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ സമരം ആരംഭിച്ചിരിക്കുന്നത്.
ചിലയാളുകള്‍ക്ക് വേണ്ടി അലൈന്മെന്‍റ് മാറ്റിയതാണ് ഇപ്പോള്‍ പ്രശ്നത്തിനു കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ഈ സാഹചര്യത്തില്‍ പൈപ്പിടല്‍ പ്രവൃത്തി തടയുന്നതടക്കമുള്ള ശക്തമായ സമര മാര്‍ഗങ്ങളിലേക്ക് കടക്കാനാണ് സമരസമിതിയുടെ തീരുമാനം. മുക്കം നഗരസഭാ പരിധിയില്‍ പൈപ്പിടല്‍ പൂര്‍ത്തിയാക്കി ഓമശേരിയിലേക്ക് കടക്കാനിരിക്കേയാണ് സമരം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ അലൈന്‍മെന്‍റ് മാറ്റിയെന്നുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഗെയില്‍ അധികൃതര്‍ അറിയിച്ചു.