മുഹമ്മദ് ഷാനു വധശ്രമക്കേസ്: കസ്റ്റഡിയിലിരിക്കെ പ്രതി സുഹൃത്തിനൊപ്പമെടുത്ത ഫോട്ടോ ഫേസ് ബുക്കില്‍

Update: 2018-05-17 16:58 GMT
Editor : admin
മുഹമ്മദ് ഷാനു വധശ്രമക്കേസ്: കസ്റ്റഡിയിലിരിക്കെ പ്രതി സുഹൃത്തിനൊപ്പമെടുത്ത ഫോട്ടോ ഫേസ് ബുക്കില്‍
Advertising

സ്വര്‍ണ്ണക്കടത്ത് രഹസ്യങ്ങള്‍ ചോര്‍ന്ന് പോകാതിരിക്കാന്‍ കൊടുവള്ളി സ്വദേശിയായ മുഹമ്മദ് ഷാനുവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച വ്യക്തിയാണ് കുടുക്കില്‍ നാദിര്‍

Full View

കസ്റ്റഡിയിലുള്ള പ്രതിയ്ക്ക് പോലീസിന്റെ വഴിവിട്ട സഹായം. കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനു വധശ്രമക്കേസിലെ പ്രതിയും സ്വര്‍ണ്ണ വ്യാപാരിയുമായ താമരശ്ശേരി കുടുക്കില്‍ നാദിറിനാണ് കോഴിക്കോട് സിറ്റി പോലീസ് കസ്റ്റഡിയിലിരിക്കെ കൂട്ടുകാരനൊപ്പം ഫോട്ടോ എടുക്കാനുളള അവസരം നല്‍കിയത്. കൂട്ടുകാരന്‍ ഫോട്ടോ ഫേസ്ബുക്കിലിട്ടതോടെയാണ് പ്രതിക്ക് പോലീസ് നല്‍കിയ ആനുകൂല്യം വ്യക്തമായത്.

സ്വര്‍ണ്ണക്കടത്ത് രഹസ്യങ്ങള്‍ ചോര്‍ന്ന് പോകാതിരിക്കാന്‍ കൊടുവള്ളി സ്വദേശിയായ മുഹമ്മദ് ഷാനുവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച വ്യക്തിയാണ് കുടുക്കില്‍ നാദിര്‍. കേസിലെ പ്രധാന പ്രതി കുടുക്കില്‍ റഹീമിന്റെ സഹോദരനാണ് നാദിര്‍. കഴിഞ്ഞ സെപ്തംബറിലായിരുന്നു സംഭവം. പോലീസ് അന്വേഷണത്തിനിടെ നാദിര്‍ ഗള്‍ഫിലേക്ക് കടന്നതോടെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. നാദിറിനെ കണ്ടെത്താന്‍ ലുക്കൌട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയപ്പോഴാണ് നാദിര്‍ പിടിയിലായത്. എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി സിറ്റി പോലീസിന് കൈമാറി. തുടര്‍ന്ന് കേസന്വേഷിക്കുന്ന ഡിസിആര്‍ബി ഓഫീസിലെത്തിച്ചു. ഡിസിആര്‍ബി ഓഫീസില്‍ ഭക്ഷണം കഴിക്കുന്നതിനിടെ കൂട്ടുകാരന്‍ നാദിറുമൊത്ത് ഫോട്ടോയെടുക്കുകയായിരുന്നു.

വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ കൂട്ടുപ്രതി കൂടിയായ കൂട്ടുകാരന്‍ ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തു. മാധ്യമങ്ങള്‍ക്ക് പോലും പോലീസ് സ്റ്റേഷനകത്തു വെച്ച് ഫോട്ടോ പകര്‍ത്തുന്നതില്‍ വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസിന്റെ സഹായത്തോടെ ഫോട്ടോയെടുത്തത്. ഫേസ്ബുക്കില്‍ ഫോട്ടോ പ്രചരിച്ചതോടെ പോലീസ് പ്രതിക്ക് നല്കിയ ആനുകൂല്യം വ്യക്തമായി. സംഭവം വിവാദമായതോടെ ഫേസ്ബുക്കില്‍ നിന്നും ഫോട്ടോ നീക്കം ചെയ്തിട്ടുണ്ട്. കേസ് തുടക്കം മുതലേ അട്ടിമറിക്കാന്‍ ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News