ചക്കിട്ടപ്പാറ ഇരുമ്പയിര്‍ ഖനനത്തിനെതിരെ ബഹുജന പ്രക്ഷോഭം
പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികളും പ്രക്ഷോഭത്തിന്
കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര്‍ ഖനനത്തിന് എംഎസ്‍പിഎല്‍ കമ്പനി വീണ്ടും നീക്കം നടത്തുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ ബഹുജന പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. നിര്‍ദ്ദിഷ്ട ഖനന ഭൂമി സ്ഥിതി ചെയ്യുന്ന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി.
ചക്കിട്ടപ്പാറയിലെ പയ്യാനിക്കോട്ടയില്‍ ഇരുമ്പയിര് ഖനനം നടത്താന്‍ എംഎസ്‍പിഎല്‍ കമ്പനി ഊര്‍ജ്ജിത നീക്കമാണ് നടത്തുന്നത്. കമ്പനിയുടെ നീക്കം ചര്‍ച്ചയായതോടെ കോണ്‍ഗ്രസ്, ബിജെപി, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ പയ്യാനിക്കോട്ടയില്‍ ഒരു കാരണവശാലും ഖനനം അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്.
നിര്‍ദിഷ്ട ഖനന ഭൂമി സ്ഥിതി ചെയ്യുന്ന പേരാമ്പ്ര എസ്റ്റേറ്റില്‍ 350 തൊഴിലാളികളുണ്ട്. തങ്ങളുടെ തൊഴില്‍ സ്ഥലത്തിനരികെ ഖനനം അനുവദിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍. സിപിഎം പ്രത്യക്ഷത്തില്‍ സമരത്തിന് അനുകൂലമാണെങ്കിലും സര്‍ക്കാര്‍ മേഖലയില്‍ പ്രദേശത്ത് ഖനനമാകാം എന്ന നിലപാട് ചില നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.