സ്വാശ്രയ മെഡിക്കല്‍ പ്രവേശം: ജെയിംസ് കമ്മിറ്റി ഇന്ന് തെളിവെടുക്കും

Update: 2018-05-18 18:43 GMT
Editor : Sithara
സ്വാശ്രയ മെഡിക്കല്‍ പ്രവേശം: ജെയിംസ് കമ്മിറ്റി ഇന്ന് തെളിവെടുക്കും
Advertising

മെറിറ്റ് മറികടന്ന് പ്രവേശം നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് തെളിവെടുപ്പ് നടത്തുന്നത്.

Full View

മെഡിക്കല്‍ പ്രവേശത്തില്‍ വ്യാപക പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ നിന്നും ജെയിംസ് കമ്മിറ്റി ഇന്ന് നേരിട്ട് തെളിവെടുക്കും. പരാതി ഉയര്‍ന്ന കോളജുകളോട് മുഴുവന്‍ നേരിട്ട് ഹാജരാകാന്‍ ജെയിംസ് കമ്മിറ്റി നിര്‍ദേശിച്ചു. മെറിറ്റ് മറികടന്ന് പ്രവേശം നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് തെളിവെടുപ്പ് നടത്തുന്നത്.

മെറിറ്റ് മറികടന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ പ്രവേശം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി അറുന്നൂറോളം പരാതികളാണ് ജെയിംസ് കമ്മിറ്റിക്ക് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് കോളജധികൃതരില്‍ നിന്നും നേരിട്ട് തെളിവെടുക്കാന്‍ ജെയിംസ് കമ്മിറ്റി തീരുമാനിച്ചത്. രാവിലെ 10 മണിയോടെ തെളിവെടുപ്പ് ആരംഭിക്കും. പരാതിക്കാരോടും കോളജ് അധികൃതരോടും തെളിവെടുപ്പിന് ഹാജരാകാന്‍ ജെയിംസ് കമ്മിറ്റി ആവശ്യപ്പെട്ടു. നിസാര കാരണങ്ങള്‍ പറഞ്ഞ് വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ തള്ളുകയും നീറ്റ് റാങ്കില്‍ മുന്നിലുള്ളവരെ മറികടന്ന് പ്രവേശം നല്‍കുകയും ചെയ്യുന്നുവെന്നാണ് പരാതി.

ഓണ്‍ലൈന്‍ അപേക്ഷ സംവിധാനം തകരാറിലാക്കുക, മെറിറ്റ് പരിഗണിക്കാതെ തലവരിപ്പണം വാങ്ങി അപേക്ഷകള്‍ സ്വീകരിക്കുക തുടങ്ങി പരാതികളും ജെയിംസ് കമ്മിറ്റിക്ക് ലഭിച്ചിരുന്നു. വിദ്യാര്‍ഥി പ്രവേശത്തിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ജെയിംസ് കമ്മിറ്റി കോളജുകള്‍ക്ക് അന്ത്യശാസനവും നല്‍കിയിരുന്നു. മെറിറ്റ് മറികടന്ന് അനര്‍ഹമായി പ്രവേശം നേടുന്ന വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്നായിരുന്നു ജെയിംസ് കമ്മിറ്റിയുടെ അന്ത്യശാസനം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News