അവശ്യമരുന്നുകളുടെ വില വര്‍ധിപ്പിക്കാന്‍ മരുന്നു കമ്പനികള്‍ക്ക് അനുമതി
കേന്ദ്രസര്‍ക്കാര്‍ തീരുമാനം സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും
അവശ്യമരുന്നുകളുടെ വില വര്‍ധിപ്പിക്കാന്‍ മരുന്നു കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അനുമതി സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും. നൂറോളം മരുന്നുകളുടെ വിലയാണ് വര്‍ധിപ്പിക്കുക. ദേശീയ മരുന്ന് വിലനിയന്ത്രണ സമിതിയുടെ തീരുമാനം മറികടന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.
പ്രമേഹം, രക്തസമ്മര്‍ദ്ദം, അല്‍ഷിമേഴ്സ് തുടങ്ങിയ രോഗങ്ങള്‍ക്കുളള മരുന്നുകളുടെ വില വര്‍ധിപ്പിക്കാനാണ് മരുന്നു കമ്പനികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. പുതിയ തീരുമാനത്തോടെ ഓരോ മരുന്നുകള്‍ക്കും പത്ത് ശതമാനം വരെ വില വര്‍ധിപ്പിക്കാം. ജീവിതശൈലി രോഗങ്ങളുടെ മരുന്ന് വില വര്‍ധിപ്പിക്കുന്നത് രോഗികള്‍ക്ക് വലിയ ബാധ്യതയാണ് ഉണ്ടാക്കുക.
ഒരു വര്‍ഷത്തേക്ക് മരുന്നുവില വര്‍ധിപ്പിക്കുന്നത് ദേശീയ മരുന്നു വിലനിയന്ത്രണ സമിതി നിരോധിച്ചിരുന്നു. ഇതിനെതിരെ മരുന്നു കമ്പനികള്‍ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിലനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത്. വിലനിയന്ത്രണം എടുത്തുകളഞ്ഞതോടുകൂടി ഈ മരുന്നുകളുടെ വിലവര്‍ധന ഉടനുണ്ടാകും. വില വര്‍ധിക്കുന്ന മരുന്നുകള്‍ക്ക് പകരമുളള മരുന്നുകള്‍ വിപണിയിലെത്തിക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം.