ദലിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു
മഞ്ചേരി സ്വദേശിനിയായ ദലിത് യുവതിയാണ് ക്ലോസറ്റില്‍ പ്രസവിച്ചത്.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ദലിത് യുവതി ക്ലോസറ്റില്‍ പ്രസവം. മഞ്ചേരി കാരക്കുന്ന് സ്വദേശിനിയായ യുവതിയാണ് ആശുപത്രിയിലെ ക്‌ളോസറ്റില്‍ പ്രസവിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് കാണിച്ച് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. പ്രസവ വേദന അനുഭവപ്പെട്ട യുവതി നഴ്‌സുമാരെ വിവരം അറിയിച്ചെങ്കിലും നഴ്‌സുമാര്‍ മൂത്രമൊഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ക്ലോസറ്റില്‍ പ്രസവിച്ച ശേഷവും ആശുപത്രി അധികൃതര്‍ സംഭവം ഗൗരവത്തിലെടുത്തില്ലെന്നും പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമുള്‍പ്പെടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവം അന്വേഷിക്കണമെന്ന് ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി മഞ്ചേരി എംഎല്‍എ അഡ്വ. എം ഉമ്മര്‍ മീഡിയവണിനോട് പറഞ്ഞു.
പ്രസവം നടന്ന സമയത്ത് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാരുണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അമ്മയേയും കുഞ്ഞിനേയും വാര്‍ഡിലേക്ക് മാറ്റി.