ബി.ജെ.പിയെ ഫാസിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കാന്‍ കഴിയില്ലെന്ന പ്രകാശ് കാരാട്ടിന്റെ അഭിപ്രായം ചര്‍ച്ചയാവുന്നു

Update: 2018-05-19 15:34 GMT
Editor : Ubaid
ബി.ജെ.പിയെ ഫാസിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കാന്‍ കഴിയില്ലെന്ന പ്രകാശ് കാരാട്ടിന്റെ അഭിപ്രായം ചര്‍ച്ചയാവുന്നു
Advertising

ഫാസിസവും ഇന്ത്യന്‍ ഭരണവര്‍ഗവും എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന് അഭിപ്രായപ്പെട്ടത്.

ബി.ജെ.പിയെ ഫാസിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കാന്‍ കഴിയില്ലെന്ന സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ അഭിപ്രായം രാഷ്ട്രീയ രംഗത്ത് ചര്‍ച്ചയാവുന്നു. ഫാസിസവും ഇന്ത്യന്‍ ഭരണവര്‍ഗവും എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന് അഭിപ്രായപ്പെട്ടത്. നവ ഉദാരവത്കരണ നയങ്ങള്‍ പിന്തുടരുന്ന മറ്റ് ഭരണവര്‍ഗ പാര്‍ട്ടികളുമായി ചേര്‍ന്ന് ബി.ജെ.പിയെ ചെറുക്കാനാവില്ലെന്നും പ്രകാശ് കാരാട്ട് ലേഖനത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ വലതുപക്ഷ ചായ്‍വിനെ ഫാസിസമെന്നോ വര്‍ഗീയ ഫാസിസമെന്നോ വിളിക്കാമോ, ഇവ ഇന്ത്യയില്‍ സ്ഥാപിതമായിട്ടുണ്ടോ എന്നാ കാര്യങ്ങള്‍ ശരിയായ രീതിയില്‍ വിശദീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചാണ് പ്രകാശ് കാരാട്ടിന്റെ ലേഖനം ആരംഭിച്ചിരിക്കുന്നത്. ബി.ജെ.പി ഒരു സാധാരണ ബൂര്‍ഷ്വാ പാര്‍ടി മാത്രമല്ലെന്നും അര്‍ധഫാസിസ്റ്റ് പ്രത്യയശാസ്ത്രമുള്ള ആര്‍എസ്എസുമായി ബന്ധമുള്ളതുകൊണ്ടുതന്നെ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ബിജെപി സ്വേച്ഛാധിപത്യകക്ഷിയായി മാറാനുള്ള സാധ്യതയേറെയാണെന്നും പ്രകാശ് കാരാട്ട് വിലയിരുത്തുന്നു. അതുകൊണ്ട് ബിജെപി ഒരു പിന്തിരിപ്പന്‍ പാര്‍ടിയാണെന്ന് പറയാം. എന്നാല്‍, അതിനെ ഫാസിസ്റ്റ് പാര്‍ടിയെന്ന് വിളിക്കാന്‍ കഴിയില്ലെന്നാണ് കാരാട്ടിന്റെ നിലപാട്. ഇന്ത്യയില്‍ നിലവിലുള്ള അവസ്ഥയില്‍, രാഷ്ട്രീയമായോ സാമ്പത്തികമായോ വര്‍ഗാടിസ്ഥാനത്തിലോ ഫാസിസം സ്ഥാപിക്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് കാരാട്ട് പറയുന്നു.

ഇന്ത്യയിലെ ഭരണവര്‍ഗത്തിന് അവരുടെ വര്‍ഗഭരണത്തിന് ഒരു ഭീഷണിയും നിലവിലില്ലാത്തതുകൊണ്ട് പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തെയും ഭരണഘടനാക്രമത്തെയും അട്ടിമറിക്കാനുള്ള താല്‍പ്പര്യവുമില്ല. സ്വന്തം വര്‍ഗതാല്‍പ്പര്യ സംരക്ഷണത്തിനായി നിലവിലുള്ള സംവിധാനത്തെ അല്‍പ്പം സ്വേച്ഛാധിപത്യചായ്വിലേക്ക് നയിക്കാന്‍മാത്രമാണ് ശ്രമം. സിപിഐ എമ്മിന്റെ അഭിപ്രായത്തില്‍, ബി.ജെ.പിക്കും വലതുപക്ഷ വര്‍ഗീയശക്തികള്‍ക്കുമെതിരെയുള്ള പോരാട്ടം വര്‍ഗീയതയ്ക്കെതിരെയും നവഉദാരവല്‍ക്കരണനയത്തിനെതിരെയുമുള്ള സമരത്തെ കൂട്ടിയോജിപ്പിച്ചാണ് നടത്തേണ്ടതെന്നും കാരാട്ട് വിശദീകരിക്കുന്നു. പ്രധാന ഭരണവര്‍ഗ പാര്‍ടികളായ ബിജെപിയും കോണ്‍ഗ്രസും മാറിമാറി ഭരണവര്‍ഗങ്ങള്‍ക്കായി നവ ഉദാരവല്‍ക്കരണക്രമം നിലനിര്‍ത്തുന്നതിനാല്‍ ബിജെപിക്കെതിരെയുള്ള രാഷ്ട്രീയസമരം ഭരണവര്‍ഗത്തിലെ മറ്റൊരു കക്ഷിയുമായി ചേര്‍ന്ന് നടത്താനാകില്ലെന്ന വിലയിരുത്തല്‍ ബംഗാളിലെ സി.പി.എം - കോണ്‍ഗ്രസ് ബന്ധത്തിന്റെയും ബീഹാറടക്കമുള്ള സംസ്ഥാനങ്ങളിലെ സി.പിഎം നിലപാടിന്റെയും പശ്ചാത്തലത്തില്‍ ശ്രദ്ധേയമാണ്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News