കാനനപാതയിലെ ശബരിമല തീര്‍ഥാടകര്‍ക്ക് വനംവകുപ്പിന്റെ മുന്നറിയിപ്പ്
ഉള്‍ക്കാടിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചാലോ കൂട്ടം തെറ്റി പോവുകയോ ചെയ്താല്‍ ആളെ കണ്ടെത്തല്‍ ശ്രമകരമാകും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കുന്നതും വന്യജീവികളുടെ നാശത്തിന് വഴിവെക്കും...
കാനന പാതയിലൂടെ യാത്രചെയ്യുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി വനം വകുപ്പ്. തീര്‍ത്ഥാടകര്‍ ഉള്‍വനത്തില്‍ പ്രവേശിക്കാനോ വന്യ മൃഗങ്ങളെ ഉപദ്രവിക്കാനോ അവയ്ക്ക് തീറ്റനല്‍കാനോ ശ്രമിക്കരുത്. അനുവദിച്ച പാതയിലൂടെ മാത്രം സഞ്ചരിക്കാന്‍ ശ്രദ്ധിക്കണമെന്നും വനം വകുപ്പ് നിര്‍ദ്ദേശിക്കുന്നു.
വനഭംഗി ആസ്വദിച്ചുള്ള ശബരിമല തീര്‍ത്ഥാടനം പലര്‍ക്കും ഹൃദ്യമായ അനുഭവമാണ്. എന്നാല്‍ ഇത് അതിരുവിടരുതെന്നാണ് വനം വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. തീര്‍ത്ഥാടകര്‍ പരമ്പരാഗത കാനന പാതയിലൂടെ മാത്രം സഞ്ചരിക്കണം. ഉള്‍ക്കാടിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചാലോ കൂട്ടം തെറ്റി പോവുകയോ ചെയ്താല്‍ ആളെ കണ്ടെത്തല്‍ ശ്രമകരമാകും. വന്യജീവികള്‍ക്ക് ഭക്ഷണം നല്‍കുന്നത് കൌതുകകരമായിരിക്കും. പക്ഷേ ഇത് അവയുടെ സ്വാഭാവിക ജീവിത രീതിയെ തകര്‍ക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കുന്നതും വന്യജീവികളുടെ നാശത്തിന് വഴിവെക്കും
കാനന പാതയിലൂടെ പകല്‍ സമയത്ത് മാത്രമാണ് യാത്ര അനുവദിച്ചിട്ടുള്ളത്, ഇത് സംബന്ധിച്ച വനം വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കണം. പമ്പയിലും സന്നിധാനത്തും വനം വകുപ്പിന്റെ കാമ്പ് ഓഫീസുകളുണ്ട്. ളാഹ മുതല്‍ പമ്പവരെയുള്ള പാതയില്‍ രണ്ട് എലഫന്റ് സ്‌ക്വാഡുകളെയും വിന്യസിച്ചിട്ടുണ്ട്.