വയൽകിളികളും സിപിഎമ്മും സമരത്തില്‍: കീഴാറ്റൂരില്‍ സംഘര്‍ഷ സാധ്യത
നാളെ മുതല്‍ പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കാന്‍ പൊലീസ് തീരുമാനം
വയൽകിളികൾക്ക് പിന്നാലെ സിപിഎമ്മും സമരരംഗത്ത് എത്തിയതോടെ കീഴാറ്റൂരില്‍ സംഘര്‍ഷ സാധ്യതയെന്ന് സ്‍പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇരുവിഭാഗവും സമരപരിപാടി ശക്തിപ്രകടനത്തിനുളള വേദിയാക്കി മാറ്റുമെന്ന് ഉറപ്പായതോടെ പ്രദേശത്ത് നാളെ മുതല്‍ കനത്ത സുരക്ഷയൊരുക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശം നൽകി.
കീഴാറ്റൂരിലെ സമരം വയൽകിളികൾക്കും സി.പി.എമ്മിനും അഭിമാനപ്രശ്നമായി മാറിയതോടെയാണ് സ്ഥലത്ത് സംഘര്‍ഷ സാധ്യതയെന്ന് കാട്ടി സ്‍പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 24ന് വൈകിട്ട് നാല് മണിയോടെയാണ് തളിപ്പറമ്പില്‍ നിന്നും മൂവായിരത്തോളം പേര്‍ പങ്കെടുക്കുന്ന സി.പി.എമ്മിന്റെ റാലി ആരംഭിക്കുക. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദന്റെ നേതൃത്വത്തിലാണ് റാലി. തുടര്‍ന്ന് കീഴാറ്റൂരില്‍ കണ്‍വെന്‍ഷനും സംഘടിപ്പിച്ചിട്ടുണ്ട്.
25ന് വൈകീട്ട് കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരപ്രഖ്യാപനകണ്‍വെന്‍ഷന്‍ മുന്‍ കെപിസിസി പ്രസിഡണ്ട് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്യും. സുരേഷ്ഗോപി എം.പി അടക്കമുളള രാഷ്ട്രീയ സാമൂഹ്യ സാംസ്കരിക രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇരു വിഭാഗവും തങ്ങളുടെ പരിപാടികള്‍ ശക്തി പ്രകടനത്തിനുളള വേദിയാക്കി മാറ്റുമെന്നുറപ്പ്. ഈ പശ്ചാത്തലത്തിലാണ് പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കാന്‍ പോലീസിന് നിര്‍ദേശം ലഭിച്ചത്.
പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ബി.ജെ.പിയും ചില തീവ്രവാദ സംഘടനകളും ശ്രമം നടത്തുന്നതായി സി.പി.എം ആരോപണം ഉന്നയിച്ചിരുന്നു. പരിപാടിക്ക് മുന്നോടിയായി ഇരുവിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.