കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഹാദിയ നല്‍കിയത് ചടുലവും വ്യക്തവുമായ മറുപടികള്‍

Update: 2018-05-21 11:13 GMT
Editor : Sithara
കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഹാദിയ നല്‍കിയത് ചടുലവും വ്യക്തവുമായ മറുപടികള്‍
Advertising

ഏറെ നാടകീയതകള്‍ നിറഞ്ഞ വാദങ്ങള്‍ക്കൊടുവിലാണ് തുറന്ന കോടതിയില്‍ തന്നെ ഹാദിയയെ കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറായത്. ഇരുപതിലധികം ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചു.

ചടുലവും വ്യക്തവുമായ മറുപടികളായിരുന്നു സുപ്രീം കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഹാദിയ നല്‍കിയത്. തനിക്ക് സ്വാതന്ത്ര്യം വേണം. വിശ്വാസം അനുസരിച്ച് ജീവിക്കണമെന്നും ഹാദിയ പറഞ്ഞു. സംസ്ഥാനത്തിന്‍റെ ചെലവില്‍ പഠിക്കേണ്ടെന്നും ചെലവ് വഹിക്കാന്‍ ഭര്‍ത്താവുണ്ടെന്നും കോടതിയോട് ഹാദിയ പറഞ്ഞു. രക്ഷിതാവായി ഭര്‍ത്താവല്ലാതെ മറ്റാരെയും വേണ്ടെന്നും ഹാദിയ കോടതിയെ അറിയിച്ചു.

Full View

ഏറെ നാടകീയതകള്‍ നിറഞ്ഞ വാദങ്ങള്‍ക്കൊടുവിലാണ് തുറന്ന കോടതിയില്‍ തന്നെ ഹാദിയയെ കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറായത്. ഇരുപതിലധികം ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചു. തുടക്കത്തില്‍ പഠനത്തെക്കുറിച്ചായിരുന്ന ചോദ്യങ്ങള്‍. സേലം ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളജില്‍ അഞ്ച് വര്‍ഷം പഠിച്ചുവെന്നും കോളജിന് പുറത്ത് വീട് വാടകയെടുത്ത് ആറ് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താമസമെന്നും ഹാദിയ പറഞ്ഞു. ഭാവിയില്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ സ്വാതന്ത്ര്യം എന്നായിരുന്ന ഹാദിയയുടെ മറുപടി.

സംസ്ഥാന സര്‍ക്കാരിന്‍റെ ചെലവില്‍ പഠനം തുടരാന്‍ ആഗ്രഹമുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍റെ കാര്യം ആദ്യമായി കോടതിയില്‍ ഹാദിയ പറയുന്നത്. പഠിക്കണമെന്നും അതിന് സര്‍ക്കാര്‍ പണം മുടക്കേണ്ടെന്നും ഭര്‍ത്താവ് ചെലവ് വഹിക്കുമെന്നും ഹാദിയ കോടതിയോട് പറഞ്ഞു. ലോക്കല്‍ ഗാര്‍ഡിയനെ ഏര്‍പ്പെടുത്തി തരട്ടെയെന്ന് ചോദിച്ചപ്പോള്‍ ഭര്‍ത്താവ് മതി ഗാര്‍ഡിയനായിട്ടെന്നായിരുന്നു മറുപടി. വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ നോക്കണ്ടേയെന്ന് കോടതി ചോദിച്ചു. സ്വന്തം വിശ്വാസ പ്രകാരം ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. മാതാപിതാക്കള്‍ അത് തടയുമെന്ന് തോന്നിയപ്പോഴാണ് മാറി ജീവിക്കാന്‍ തുടങ്ങിയതെന്ന് മറുപടി.

ഒരു വര്‍ഷമായി നിയമവിരുദ്ധ തടവിലാണ് ജീവിക്കുന്നത്. ആദ്യം ഹൈക്കോടതി ഏര്‍പ്പെടുത്തിയ തടവ്. ഇപ്പോള്‍ മാതാപിതാക്കളുടെ തടവ്. മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ തുടരുമെന്ന് ഭയക്കുന്നുവെന്നും അതിനാല്‍ മാതാപിതാക്കളുടെ അടുത്തേക്ക് തിരികെപ്പോകേണ്ടെന്നും ഹാദിയ കോടതിയോട് പറഞ്ഞു. മലപ്പുറത്തെ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകണമെന്ന ആഗ്രഹവും ഹാദിയ പ്രകടിപ്പിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News