വിദ്യാര്‍ഥികളുടെ പ്രതിരോധം വിജയിച്ചു; ആറാട്ടുപാറയില്‍ ഖനനം നിരോധിച്ചു
ക്വാറി ഖനനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെ തുടര്‍ന്ന് സ്കൂളിനടത്തുള്ള ആറാട്ടുപാറയിലേക്ക് വിദ്യാര്‍ഥികളും പ്രകൃതിസ്നേഹികളും ആഹ്ലാദപ്രകടനം നടത്തി
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് വയനാട് മീനങ്ങാടി സ്കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയായി. പ്രദേശത്തുള്ള ക്വാറി ഖനനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെ തുടര്‍ന്ന് സ്കൂളിനടത്തുള്ള ആറാട്ടുപാറയിലേക്ക് വിദ്യാര്‍ഥികളും പ്രകൃതിസ്നേഹികളും ആഹ്ലാദപ്രകടനം നടത്തി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആറാട്ട് പാറ ഉള്‍പ്പെടെയുള്ള പ്രദേശത്തെ പാറകളെ സംരക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു വിദ്യാര്‍ഥികള്‍.
അമ്പലവയലിലെ ആറാട്ട്പാറ വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്നെ ഖനനലോബി ലക്ഷ്യമിട്ടിരുന്നു. മറ്റ് പാറകളൊക്കെ ഖനനമാഫിയ തുരക്കാന്‍ തുടങ്ങിയപ്പോള്‍ ആറാട്ട്പാറയ്ക്കുവേണ്ടിയുള്ള മുറവിളി ഉയരാന്‍ തുടങ്ങി. മീനങ്ങാടി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളും പരിസ്ഥിതി സ്നേഹികളും നിരവധി തവണ ആറാട്ടുപാറയിലേക്ക് പ്രകൃതിസംരക്ഷണ മാര്‍ച്ച് സംഘടിപ്പിച്ചു. പാറയ്ക്കു ചുറ്റും മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു.
ഇതിനിടയിലാണ് കഴിഞ്ഞ മാസം ജില്ലാ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിററി ചെയര്‍മാന്‍ ആറാട്ട്പാറയുടെ ഒരു കിലോ മീറ്റര്‍ പരിധിയില്‍ ക്വാറി ക്രഷര്‍ ഖനനപ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് ഉത്തരവിട്ടത്. ഉത്തരവിനെ തുടര്‍ന്ന് പാറമുകളിലേക്ക് വിദ്യാര്‍ഥികള്‍ ആഹ്ലാദ പ്രകടനം നടത്തി. പുതു നാമ്പുകള്‍ തളിരിടാന്‍ പാറമുകളില്‍ നിന്ന് വിത്തുകളെറിഞ്ഞു. ഖനന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആറാട്ട്പാറക്ക് സ്വാതന്ത്ര്യം കിട്ടിയെങ്കിലും തൊട്ടടുത്തുള്ള വിവിധ പാറകളും കുന്നുകളും ഇപ്പോഴും ഖനനമാഫിയയുടെ കയ്യിലാണ്.