ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഹെലികോപ്റ്റര്‍ സര്‍വീസ് തുടങ്ങി
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ ഹെലി ടൂര്‍ എന്ന സ്വകാര്യ കമ്പനിയാണ് നിലയ്ക്കലിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് നടത്തുന്നത്
ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ ഹെലി ടൂര്‍ എന്ന സ്വകാര്യ കമ്പനിയാണ് നിലയ്ക്കലിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്നും നിലയ്ക്കലിലേക്കാണ് ഹെലികോപ്റ്റര്‍ ആദ്യ സര്‍വീസ് നടത്തിയത്.
ശബരിമല തീര്‍ത്ഥാടകര്‍ക്കായി ആരംഭിച്ച ഹെലികോപ്റ്റര്‍ സര്‍വീസ് തിരുവനന്തപുരത്ത് നിന്ന് നിലയ്ക്കലിലേക്ക് കന്നിയാത്ര നടത്തി. മകരവിളക്ക് കഴിയുന്നത് വരെയാകും ഈ തീര്‍ത്ഥാടന കാലത്ത് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാവുക. അടുത്ത തീര്‍ത്ഥാടന കാലം മുതല്‍ കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്ന് നിലയ്ക്കലിലേക്ക് സര്‍വീസ് നടത്തും. തീര്‍ത്ഥാടകരെ എത്തിക്കുന്നതിനോടൊപ്പെം അടിയന്തര സാഹചര്യങ്ങളിലും ഹെലികോപ്റ്റര്‍ സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ.
നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് പുതുതായി പണികഴിപ്പിച്ച ഹെലിപാഡായിരിക്കും സര്‍വീസിനായി ഉപയോഗിക്കുക. ഇരുദിശയിലേക്കും കൂടി ആറ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് സര്‍വീസിന്റെ നിരക്ക്. തീര്‍ത്ഥാടന കാലത്തല്ലാതെ മാസപൂജ നടക്കുന്ന സമയത്തും ഹെലികോപ്റ്റര്‍ സര്‍വീസ് നടത്തുന്നതിനെപ്പറ്റി ആലോചനയുണ്ട്.