പുതിയ ആരോഗ്യനയം രൂപീകരിക്കുമെന്ന് മന്ത്രി
മൂന്ന് മെഡിക്കല്‍ കോളജുകളെ എയിംസ് പദവിയിലേക്ക് ഉയര്‍ത്തുമെന്ന് കെ കെ ശൈലജ
സംസ്ഥാനത്ത് പുതിയ ആരോഗ്യനയം രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മൂന്ന് മെഡിക്കല്‍ കോളജുകളെ എയിംസ് പദവിയിലേക്ക് ഉയര്‍ത്തും. സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു.
മെഡിക്കല്‍ സര്‍വീസിലെ മുഴുവന്‍ നിയമനവും പിഎസ്‌സിക്ക് വിടുമെന്നും ആറ് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഒഴിവുകള്‍ നികത്തുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. മെഡിക്കല്‍ പിജി കഴിഞ്ഞവരെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കുന്ന കാര്യം ആലോചിക്കും. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജുകളെ എയിംസ് പദവിയിലേക്ക് ഉയര്‍ത്തും. പുതിയ മെഡിക്കല്‍ കോളജുകളുടെ കാര്യത്തില്‍ പഠിച്ചശേഷം ആവശ്യമെങ്കില്‍ പുനഃപരിശോധന നടത്തും. ഇപ്പോഴത്തെ സ്റ്റാഫ് പാറ്റേണ്‍ അപര്യാപ്തമാണെന്നും ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.