സ്റ്റേ ആവശ്യം തള്ളി; ആരോഗ്യ മന്ത്രിക്ക് വീണ്ടും വിമര്‍ശം
മന്ത്രിക്കെതിരെയുള്ള പരാമര്‍ശം സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് കോടതി നിരസിച്ചത്. കേസ് നാളെ വീണ്ടും പരിഗണിക്കും
ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രി കെകെ ശൈലജക്ക് വീണ്ടും ഹൈകോടതിവിമര്‍ശം.,ക്രിമിനല്‍ കേസുകളിലെ പ്രതിയെയാണോ കുട്ടികളുടെ സംരക്ഷണത്തിന് നിയമിച്ചതെന്ന് കോടതി ചോദിച്ചു.,നിയമന ഉത്തരവാദിത്തത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല., മന്ത്രിക്കെതിരായ സിംഗ്ള്‍ ബെഞ്ച് പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ ഇല്ല.,
മന്ത്രി കെ കെ ശൈലജക്കെതിരെ ഹൈകോടതി നടത്തിയ പരാമർശം നിലനില്‍ക്കുമെന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ച്. സിംഗിള് ബഞ്ച് നടത്തിയ പരാമർശം നീക്കണമെന്ന ആവശ്യം ഡിവിഷന് ബഞ്ച് തള്ളി. നിയമനത്തിന്റെ ഉത്തരവാദിത്വത്തില് നിന്ന് മന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി രൂക്ഷമായ വിമർശമാണ് നടത്തിയത്.
മന്ത്രിക്കെതിരെ രൂക്ഷമായ വിമർശമാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഡിവിഷന് ബഞ്ച് നടത്തിയത്. ബാലാവകാശ കമ്മീഷന്റെ ചെയർമാന് കൂടിയായ മന്ത്രിക്ക് നടപടിയുടെ ഉത്തരവാദിത്വത്തില് നിന്ന് ഒവിഞ്ഞുമാറാനാവില്ല. പരിചയ സന്പന്നരായ നിരവധി ആളുകള് ഉണ്ടായിരിക്കെ കളങ്കിത പശ്ചാത്തലമുള്ളവരെ നിയമിച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചു. പന്ത്രണ്ടോളം ക്രിമിനല് കേസുകള് നേരിടുന്ന ഒരാളെയാണ് അംഗമായി നിയമിച്ചത്. ക്രിമിനല് കേസിലെ പ്രതികള്ക്ക് ബാലാവകാശം സംരക്ഷിക്കാന് കഴിയുന്നതെങ്ങനെ എന്ന് കോടതി ചോദിച്ചു.
ബാലാവകാശ കമ്മീഷന് നിയമനത്തിനുള്ള അപേക്ഷാ തീയതി നീട്ടാനുള്ള മന്ത്രിയുടെ നിർദ്ദേശം സദുദ്ദേശപരമല്ലെന്നായിരുന്നു ഹൈക്കോടതി സിംഗിള് ബഞ്ചിന്റെ വിമർശം. ഈ പരമാർശം നീക്കണമെന്ന ആവശ്യമാണ് ഡിവിഷന് ബഞ്ച് തള്ളിയത്. സിംഗിള് ബഞ്ച് നടത്തിയത് മൃദുവായ വിമർശമാണെന്നും ഡിവിഷന് ബഞ്ച് വ്യക്തമാക്കി.കൊട്ടിയൂര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് പിരിച്ചു വിട്ട വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗവും ടി. ബി സുരേഷ്, ശ്യാമളദേവി എന്നിവരെ നിയമിച്ചതില് ആരോഗ്യമന്ത്രിയെ കോടതി സിംഗിള് ബഞ്ച് നേരത്തെ വിമർശിച്ചിരുന്നു. യോഗ്യരായവരെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് തിയതി നീട്ടാന്‍ തീരുമാനമെടുത്തതെന്നും സര്‍ക്കാര്‍ സമര്‍പിച്ച അപ്പീലില്‍ പറഞ്ഞിരുന്നു.
മന്ത്രിയുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള് ബഞ്ചിന്റെ പരാമർശമെന്നും സർക്കാർ അപ്പീലില് വാദിച്ചു. എന്നാല് ഈ വാദങ്ങള് ഡിവിഷന് ബഞ്ച് അംഗീകിരിച്ചില്ല. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും