എംജി രാജമാണിക്യം കെഎസ്ആര്‍ടിസി എംഡി
പദവി വെല്ലുവിളിയാണെന്നും എന്നാല്‍ ശുഭപ്രതീക്ഷയുണ്ടെന്നും രാജമാണിക്യം പറഞ്ഞു.
കെഎസ്ആര്‍ടിസി എംഡിയായി എംജി രാജമാണിക്യം ചുമതലയേറ്റു. പദവി വെല്ലുവിളിയാണെന്നും എന്നാല്‍ ശുഭപ്രതീക്ഷയുണ്ടെന്നും രാജമാണിക്യം പറഞ്ഞു.
ഇന്നലെ വൈകീട്ട് ആറരയോടെയാണ് എം ജി രാജമാണിക്യം തിരുവനന്തപുരം കിഴക്കെ കോട്ടയിലെ കെഎസ്ആര്‍ടിസി ഓഫീസിലെത്തി ചുമതലയേറ്റത്. സ്ഥാനമൊഴിഞ്ഞ ആന്റണി ചാക്കോ രാജമാണിക്യത്തെ സ്വീകരിച്ചു. പ്രതിസന്ധിയിലൂടെ നീങ്ങുന്ന കെഎസ്ആര്‍ടിസിക്ക് സ്ഥിതി മെച്ചപ്പെടുത്തുന്നതിന് തന്റെ ഭാഗത്ത് നിന്ന് ആത്മാര്‍ഥമായ ഇടപെടലുണ്ടാകുമെന്ന് രാജമാണിക്യം പറഞ്ഞു.
ജീവനക്കാരുടെ സമരങ്ങളും ശമ്പളം മുടങ്ങലുമുള്‍പ്പെടെ പ്രതിസന്ധി തുടരുന്നതിനിടെയാണ് രാജമാണിക്യം കെഎസ്ആര്‍ടിസി എംഡിയായി ചുമതലയേറ്റെടുക്കുന്നത്. എറണാകുളം ജില്ല കളക്ടര്‍ പദവിയില്‍ ഉള്‍പ്പെടെ മികച്ച പ്രകടനം നടത്തിയിട്ടുള്ള രാജമാണിക്യത്തിന്റെ സേവനം കെഎസ്ആര്‍ടിസിയിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതിന് സഹായിക്കുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ.