റോഡ് അപകടം കുറക്കാന്‍ ശുഭയാത്ര പ്രചാരണ പദ്ധതി
മോഹന്‍ലാല്‍ പദ്ധതിയുടെ ഗുഡ്‌വില്‍ അംബാസിഡര്‍
സംസ്ഥാനത്തെ റോഡ് അപകടങ്ങള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് ആവിഷ്കരിച്ച ശുഭയാത്ര പ്രചാരണ പരിപാടിക്ക് തുടക്കമായി. 140 സര്‍ക്കാര്‍ സ്കൂളുകളില്‍ ആരംഭിക്കുന്ന സ്മാര്‍ട് ട്രാഫിക് ക്ലാസ് റൂം പദ്ധതി തിരുവനന്തപുരത്ത് നടന്‍ മോഹന്‍ ലാല്‍ ഉദ്ഘാടനം ചെയ്തു.
നാലായിരത്തോളം ജീവനുകളാണ് ഓരോ വര്‍ഷവും കേരളത്തിലെ റോഡുകളില്‍ പൊലിയുന്നത്. ദിവസവും ശരാശരി പതിനൊന്ന് പേര്‍. റോഡ് അപകടം കുറക്കുകയെന്ന ലക്ഷ്യമിട്ടാണ് ശുഭയാത്ര പദ്ധതി. ഇതിന്റെ ഭാഗമായി ട്രാഫിക് ബോധവത്കരണത്തിനായി 140 സ്കൂളുകളില്‍ സ്മാര്‍ട് ട്രാഫിക് ക്ലാസ്റൂം ഒരുക്കുന്നു. തിരുവനന്തപുരം പട്ടം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ പദ്ധതിയുടെ ഗുഡ്‍വില്‍ അംബാസിഡറായ നടന്‍ മോഹന്‍ ലാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു
അപകടത്തില്‍പ്പെടുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാന്‍ തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ട്രാഫിക് ബോധവത്കരണത്തിനായി ത്രീഡി വീഡിയോ ഗെയിം ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനും പുറത്തിറക്കി. ഏഴുകോടി രൂപ ചെലവിട്ടാണ് ശുഭയാത്ര പദ്ധതി നടപ്പാക്കുന്നത്.