നടിയെ ആക്രമിച്ച കേസില്‍ അഡ്വ പ്രതീക്ഷ ചാക്കോയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
ഇന്ത്യന്‍ ശിക്ഷാ നിയമം 201, തെളിവു നശിപ്പിക്കല്‍ വകുപ്പ് പ്രകാരമാണ് പ്രതിഷ് ചാക്കോയെ അറസ്റ്റ് ചെയ്തത്...
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ആലുവ പോലീസ് ക്ലബില്‍ വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് അങ്കമാലി കോടതി പരിഗണിക്കും.
മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് അന്വഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ പ്രതീഷ് ചാക്കോ കീഴടങ്ങിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം 201, തെളിവു നശിപ്പിക്കല്‍ വകുപ്പ് പ്രകാരമാണ് പ്രതിഷ് ചാക്കോയെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോയെ സുനി ഏല്‍പിച്ചെന്നാണ് അന്വഷണ സംഘം കണ്ടെത്തിയിരുന്നു.
ഫോണ്‍ ലഭ്യമാക്കുന്നതിനെ കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യല്‍. പത്ത് മണിക്കൂര്‍ നേരം ചോദ്യം ചെയ്യലിന് വിധേയനായ പ്രതീഷ് ചാക്കോ എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നും അന്വഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ റിമാന്റ് കാലാവധി നീട്ടിയ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ അങ്കമാലി കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കീഴടങ്ങാനുള്ള സാധ്യതയുണ്ട്.